ഞാൻ ഉറങ്ങാൻ കിടന്നിരുന്നുവെങ്കിലും അന്ന് വക്കീൽ പറഞ്ഞ കഥ എന്നെ അസ്വസ്ഥനാക്കി. ആ മുഖങ്ങൾ എന്റെ കൺമുൻപിൽ നിന്നും മായാതെ നിൽക്കുന്നതു പോലെ. ആ കഥ ഞാൻ വീണ്ടും അയവിറക്കി.
വക്കീൽ അന്നത്തെ ജോലിയുടെ വിരസതയിൽ നിന്നും മുക്തി നേടി തിരക്കേറിയ നഗരത്തിലെ വഴിയോരത്തുകൂടി നടന്നു. തിരക്ക് കുറഞ്ഞ പ്രാന്തപ്രദേശത്തെത്തിയപ്പോൾ കെട്ടിടങ്ങളുടെ ബാഹുല്യം കുറഞ്ഞു. അങ്ങിങ്ങു വീടുകളും തൊടികളും കാണാൻ തുടങ്ങി. വഴിയോരത്തു ഒരു സ്ത്രീ നിൽക്കുന്നു. ഒക്കത്തു ഒരു കൈക്കുഞ്ഞു. താഴെ തന്റെ അരികത്തുതന്നെ ഏഴോ എട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺ കുട്ടി. അവൾ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്നു.
അയാൾ പണം നീട്ടുന്നതും അവൾ അതു സ്വീകരിക്കുന്നതും കണ്ടപ്പോഴാണ് പന്തികേട് മനസ്സിലാകുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കുന്നത് അവൾക്കു യാതൊരു കൂസലുമില്ലാ എന്ന് അവളുടെ അവഗണനാ ഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു. അയാൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു നീങ്ങി. അവൾ ആൺകുട്ടിയോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് കൈക്കുഞ്ഞുമായി അയാളുടെ പിറകെ നടന്നു.
വക്കീൽ അടുത്തുള്ള ചായക്കടയുടെ മുൻപിൽ എത്തി കുറെ നേരം അവിടെത്തന്നെ നിന്നു. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞില്ല. അവൾ തിരിച്ചു വന്നു. കുട്ടികളുമായി ചായക്കടയുടെ നേരെ നടന്നു വന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തോടെ. അവളുടെ ഉപഭോക്താവ് നടന്നു നീങ്ങുന്നതു കാണാമായിരുന്നു. തന്റെ വിശപ്പ് ശമിപ്പിച്ചതിനു ശേഷം. അവൾ ചായക്കടയിൽ വന്ന് കുട്ടികൾക്ക് ആഹാരം വാങ്ങിക്കൊടുത്തു. അവളും കഴിച്ചു. അവർ വിശപ്പടക്കി.
വക്കീലിന് അവളോട് നേരത്തെ തോന്നിയ വെറുപ്പ് സഹതാപമായി മാറിയിരുന്നു.
ഞാൻ ചിന്തിച്ചു. ജീവിതം വിശപ്പിന്റെ ഒരു ശമനം മാത്രം. ഒരു ക്രയവിക്രയ പ്രതിഭാസം. അതിൽ അർത്ഥവും കാമവും സംഗമിക്കുന്നു. അതിൽ തന്നെ ധർമ്മവും മോക്ഷവും. എങ്കിലും ആ കുട്ടികളുടെ മുഖങ്ങളും അവരുടെ ഭാവി ലോകത്തെ പറ്റിയുള്ള ചിന്തയും എന്നെ അലട്ടിക്കൊണ്ടേയിരുന്നു. സുനിത കൃഷ്ണൻ പറഞ്ഞ ചുവന്ന തെരുവിലെ കുട്ടികളുടെ കഥകൾ മനസ്സിൽ മായാതെ നിന്നു.
-പൊന്നോലി
No comments:
Post a Comment