കേരള റൈറ്റേഴ്‌സ് ഫോറം ഹ്യുസ്റ്റൺ, 2017 ജനുവരി 29 നു സ്റ്റാഫോർഡിലെ ദേശി റെസ്റ്റാറന്റിൽ സമ്മേളിക്കുകയുണ്ടായി.
ശ്രീ മാത്യു മത്തായി മോഡറേറ്റർ ആയി നടന്ന സാഹിത്യ സമ്മേളനത്തിൽ ശ്രീ ജോൺ മാത്യു (മല്ലപ്പള്ളി) എഴുതിയ ‘ഭൂമിക്കുമേലൊരു മുദ്ര’ എന്ന നോവലിനെപ്പറ്റി സുദീര്ഘവും, ഗഹനവുമായ ചർച്ച നടന്നു. ശ്രീ പീറ്റർ ജി. പൗലോസ് നോവലിനെക്കുറിച്ചു ഒരു നീണ്ട നിരൂപണ പ്രബന്ധം അവതരിപ്പിച്ചു. നോവലിലെ കഥാപാത്രങ്ങളുടെയും ഇതിവൃത്തത്തിന്റെയും സങ്കീർണത അപഗ്രഥിച്ചുകൊണ്ട്, നോവലിൽ അമേരിക്കൻ മലയാളി ജീവിതവും കുടിയേറ്റവുമാണ് പ്രധാനമായ വിഷയമെങ്കിലും, മലയാളിയുടെ ഗൃഹാതുരത്വം വിവരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. മറഞ്ഞുപോകുന്ന കേരള ഗ്രാമീണ ഭംഗിയും, പഴയ കാല ഗ്രാമീണ ജീവിതവും നോവലിൽ വര്ണിക്കുന്നത് പുതിയ തലമുറയ്ക്ക് പുതിയ അറിവും ഉത്തേജനവും നൽകട്ടെ എന്ന് ശ്രീ പൗലോസ് അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിന് ഈ നോവൽ ഒരു മുതൽക്കൂട്ടാണ് എന്ന് ശ്രി പൗലോസ് അഭിപ്രായപ്പെട്ടു.

ശ്രി ദേവരാജ കുറുപ്പ് തന്റെ നിരൂപണ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഈ നോവൽ അമേരിക്കൻ കുടിയേറ്റത്തെക്കുറിച്ചും, അമേരിക്കൻ മലയാളി ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും തന്റെ കഥാപാത്രങ്ങളിൽക്കൂടി വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി നോവലിസ്റ്റിനെ അഭിനന്ദിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ശ്രി ഈശോ ജേക്കബ്, ഡാ. മാത്യു വൈരമണ്, മാത്യു വി. മത്തായി, ജോൺ ബി. കുന്തറ, ജോർജ് പാംസ്, ജോസഫ് ജേക്കബ്, ബോബി മാത്യു, ജോസഫ് ജെ. തച്ചാറ, റോഷൻ ജേക്കബ്, സാലസ് എബ്രഹാം, കോറസ് പീറ്റർ, സലിം അറക്കൽ, വിൽസൺ മാത്യു, റോയ് ടിറ്റി എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
പിന്നീട് ശ്രീ ജോസഫ് തച്ചാറ ‘ദൈവങ്ങളുടെ സ്വന്തം’ എന്ന തന്റെ കവിതാ പാരായണം നടത്തി. മത ഭ്രാന്തിനെക്കുറിച്ചു ആകുലപ്പെടുന്ന ഒരു കവിയുടെ തേങ്ങുന്ന ഹൃദയമാണ് ഈ കവിതയിലൂടെ തച്ചാറ അവതരിപ്പിച്ചത്.
കലാഭവനിൽ ദീർഘ കാലം ഗായകനും, സംഗീത സംവിധായകനുമായി പ്രവർത്തിച്ച ശ്രി കോറസ് പീറ്റർ മനോഹരമായ ഒരു പഴയ ഗാനം പാടി സദസ്സിനെ പുളകം കൊള്ളിക്കുകയുണ്ടായി.


