Saturday, June 8, 2019

വാർദ്ധക്യം ഒരു ശാപമോ പേടി സ്വപ്നമോ? - (പൊന്നോലി)


എല്ലാ മനുഷ്യരും ജീവിത സായാഹ്ന്യത്തിൽ വാർദ്ധക്യം തരണം ചെയ്യേണ്ടതായിട്ടുണ്ടു്. വാർദ്ധക്യത്തിലേക്കു കാലു കുത്തുന്ന പുരുഷന്മാരും സ്ത്രീകളും അവരുടെ ഭാവിയേക്കുറിച്ച് ആകാംക്ഷാഭരിതരാണ്. സാമ്പത്തികം, ആരോഗ്യം, ഏകാന്തത അങ്ങനെ പല പ്രശ്നങ്ങളേയും അവർ അഭിമുഖികരിക്കേണ്ടി വരുന്നു. വൃദ്ധരായവർക്കു പല കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. പലപ്പോഴും അവർ അവഗണിക്കപ്പെടുന്നു എന്നു മാത്രമല്ല പല ചൂഷണങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ഇരകളാക്കപ്പെടുന്നു. വാർദ്ധക്യത്തിലേക്കു കടക്കുമ്പോൾ മരണം അടുത്തു വരുന്നു എന്നുള്ള ചിന്ത പലരേയും അസ്വസ്തരാക്കുന്നു. വാർദ്ധക്യം ഒരു പേടി സ്വപ്നമായി തീരുന്നു.

അതേ സമയം സമൂഹത്തിൽ വൃദ്ധരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. അവരെ സംരക്ഷിക്കേണ്ടതും ആദരിക്കേണ്ടതും സമൂഹത്തിൻ്റെ കടമയാണ്. അതു മാനവ സംസ്കാരത്തിൻ്റെ ഭാഗമാണ് എന്നു നാം വിസ്മരിക്കുന്നു. വൃദ്ധസംരക്ഷണം ഒരു സാമൂഹ്യ പ്രശ്നമായി മാറുന്നു.

വാർദ്ധക്യം എന്നാൽ എന്ത്? വാർദ്ധക്യ പ്രശ്നങ്ങൾ എങ്ങനെ നേരിടാം? വൃദ്ധരെ, പ്രത്യേകിച്ച് നിരാലംബരായവരെ എങ്ങനെ സംരക്ഷിക്കാം, എന്നുള്ള വിഷയങ്ങളുടെ ഒരു അപഗ്രഥനമാണ് ഇവിടെ ശ്രമിക്കുന്നതു്. വ്യക്തികളുടെ വാർദ്ധക്യ പ്രശ്നങ്ങൾ, വാർദ്ധക്യം ഒരു സാമൂഹ്യ പ്രശ്നം എന്ന് രണ്ടു ഭാഗങ്ങളായിട്ടാണ് ഈ വിഷയം ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നതു്.

1.  വ്യക്തിയും വാർദ്ധക്യവും
വാർദ്ധക്യം എങ്ങനെ നേരിടാം എന്നതാണ് ഓരോ വ്യക്തിയുടേയും മുന്നിലുള്ള പ്രശ്നം.

വാർദ്ധക്യം എന്നാൽ എന്ത്?
അമേരിക്കയിൽ 66 വയസ്സു കഴിഞ്ഞവരെ ഇന്ന് മുതിർന്ന പൗരന്മാരായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ അത് 60 വയസ്സാണ്. എങ്കിലും ഈ പ്രായപരിധിക്കപ്പുറം ആരോഗ്യമില്ലാത്ത അവസ്ഥയെയാണ് നമ്മൾ വാർദ്ധക്യം എന്നു വിവക്ഷിക്കുന്നതു്. മെഡിക്കൽ സയൻസിൻ്റെ പുരോഗതികൊണ്ട് ജീവിത നിലവാരം മെച്ചപ്പെടുമ്പോൾ മനുഷ്യായുസ്സിൻ്റെ ദൈർഘ്യം കൂടുന്നു. ഇന്ന് 80 വയസ്സുവരെയോ 90 വയസ്സുവരെയോ ജീവിച്ചിരിക്കാൻ വലിയ പ്രശ്നമില്ല. 110 വയസ്സുവരെ മനുഷ്യൻ്റെ ജീവിതകാലം നീട്ടിക്കൊണ്ടു പോകാൻ ഇന്നു മെഡിക്കൽ സയൻസിനു കഴിയും. ജീൻ എഡിറ്റിംഗ്, ക്രിത്രിമ മനുഷ്യാവയവങ്ങളുടെ നിമ്മാണം എന്നിവ ഇതിനുപകരിക്കുന്ന എടുത്തു പറയേണ്ട സാങ്കേതിക വിദ്യകളാണ്.

60 വയസ്സിൽ ജോലിയിൽ നിന്നു വിരമിക്കുന്നവർക്ക് ശിഷ്ഠ കാലം ഫലപ്രദമായി സമയം ചിലവഴിക്കാനും വരുമാനം ഉറപ്പാക്കാനും ജോലികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇന്ന് 90 വയസ്സുവരെ ജീവിക്കുന്ന ഒരാൾ 50 വർഷം അതായതു് 75 വയസ്സു വരെ ജോലി ചെയ്തെങ്കിലേ ശിഷ്ഠ കാലം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാൻ സാധിക്കുകയുള്ളു എന്നു കണക്കാക്കാം. ജപ്പാനിൽ 100 വയസ്സ് കഴിഞ്ഞവരും ജോലി ചെയ്യുന്നതു് നമ്മളെ ആശ്ചര്യപ്പെടുത്തും.

ആരോഗ്യ പ്രശ്നങ്ങൾ
ആരോഗ്യമാണ് വാർദ്ധക്യത്തിലെ ഏറ്റവും പ്രധാന പ്രശ്നം. കണ്ണിൻ്റെ കാഴ്ചശക്തി, ചെവിയുടെ കേൾവിക്കുറവ്, എല്ലുകളുടെ ബലക്ഷയം, പല്ലുകളുടെ കൊഴിച്ചിൽ, ജോയിൻ്റുകളുടെ വേദന, രക്തസമ്മർദ്ദം, ഹൃദ് രോഗം, ശ്വാസകോശ തടസ്സങ്ങൾ, നടക്കാനുള്ള ബുദ്ധിമുട്ട്, പ്രമേഹം, കിഡ്ണികളുടെ അസുഖം, ആമാശയ സംബന്ധമായ അസുഖങ്ങൾ, ഗുഹ്യ രോഗങ്ങൾ, ക്യാൻസർ അങ്ങനെ പല വാർദ്ധക്യസഹജമായ അസുഖങ്ങളും വാർദ്ധക്യത്തിൻ്റെ ഭാഗമാണ്. അൽഷേമേഴ്സ്, പാർക്കിന്സൺസ് എന്നിങ്ങനെയുള്ള തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളും വാർദ്ധക്യത്തിൽ കണ്ടുവരുന്നു.


ഇന്ന് എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാണ്. അസുഖങ്ങൾക്കു അനുയോജ്യമായ ചികിത്സ തേടേണ്ടതു് അത്യാവശ്യമാണ്. ഇന്ന് ഇന്ത്യയിലും കേരളത്തിലും മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ ഉണ്ടെങ്കിലും അവ സാധാരണക്കാർക്ക് അപ്രാപ്യമാണ്. എല്ലാ വില്ലേജുകളിലും പ്രൈമറി കെയർ സെൻ്ററുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യ പരിപാലനം
അസുഖങ്ങൾ ഒഴിവാക്കി ആരോഗ്യം പരിപാലിക്കുന്നതിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദിനം പ്രതിയുള്ള വ്യായാമം അല്ലെങ്കിൽ നടത്തം , ഭക്ഷണക്രമം, ഉറക്കം, വിശ്രമം, മനസ്സിൻ്റെ പിരിമുറക്കങ്ങൾക്കു അയവു വരുത്താനുള്ള യോഗ, സൗഹൃദ സംഭാഷണങ്ങൾ, തമാശകൾ, സംഗീതം, മതാനുഷ്ഠാനങ്ങൾ അല്ലെങ്കിൽ കൃത്യമായ ദിനചര്യകൾ എന്നിവയെല്ലാം ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

കാലാനുസൃതമായ ആരോഗ്യ വിലയിരുത്തുൽ അല്ലെങ്കിൽ ഹെൽത്ത് ചെക്ക്അപ്പ് ശരീരത്തിനും, കണ്ണുകൾക്കും, പല്ലുകൾക്കും അത്യാവശ്യമാണ്. ബ്ലെഡ് ടെസ്റ്റ് ' എക്സ് റേ, ഈ.സി.ജി, എം.ആർ.ഐ. മുതലായ ടെസ്റ്റുകൾ രോഗങ്ങളെ ആരംഭത്തിൽ തന്നെ കണ്ടു പിടിക്കാനും ചികിത്സിക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.

ഭക്ഷണക്രമം
വാർദ്ധക്യത്തിൽ ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണക്രമത്തിനു പ്രധാന പങ്കുണ്ട്. ജപ്പാനിൽ 90 വയസ്സ് കഴിഞ്ഞവർ 20 ലക്ഷം ആൾക്കാരോളം ഉണ്ട്. അവരുടെ ഭക്ഷണ രീതിയിൽ ഗ്രീൻ ടീ , സോയ് ബീൻസ്, സോയ് മിൽക്ക്, ടോഫു, പച്ചക്കറികൾ, മത്സ്യ വിഭവങ്ങൾ, സുഷി മുതലായവ ഉൾപ്പെടും.

കോസ്റ്റാറിക്കായിലെ നികോയ പ്രോവിൻസിലും നൂറു വയസ്സു കഴിഞ്ഞവർ ഏറെയാണ്. അവരുടെ ലളിതമായ ജീവിത രീതി ഭക്ഷണം ആദ്ധ്യാത്മികത മുതലായവ അവരുടെ ആരോഗ്യരഹസ്യത്തിൻ്റെ ഭാഗമാണ്. അവർ ഭക്ഷിക്കുന്നത് ചോറ്, ബ്ലാക്ക് ബീൻസ്, ടോർടിയാ, പച്ചക്കറി, മുട്ട, പഴങ്ങൾ,മുതലായവയാണ്. പ്രകൃതിയായി ഇഴുകിചേർന്ന ജീവിതം. ശാരീരികമായ പ്രവർത്തനങ്ങളിൽ തുടർച്ചയായി ഏർപ്പെട്ടു അദ്ധ്വാന ജീവിതം നയിക്കുന്ന അവർ ആരോഗ്യം നിലനിർത്തുന്നു. ഡാൻ ബ്യുട്നെർ ‘ദി ബ്ലൂ സോണ്സ്’ എന്ന പുസ്തകത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ജീവിക്കുന്നവരെ ആസ്പദമാക്കി ദീർഘകാലം ജീവിക്കുന്നതിന്റെ രഹസ്യങ്ങൾ വിശദീകരിക്കുന്നുണ്ട്.

സാമ്പത്തിക ഭദ്രതവാർദ്ധക്യത്തിൽ സാമ്പത്തിക ഭദ്രതയില്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഏറെയാണ്. മിനിമം സാമൂഹ്യ സുരക്ഷക്കു സ്വന്തമായിട്ടൊരു വീട്, ഭക്ഷണത്തിനും, ദൈനംദിന ചിലവുകൾക്കും വേണ്ടിവരുന്ന പണത്തിനു ബാങ്ക് സേവിംഗ്സ് .അഥവാ നീക്കിയിരുപ്പു, പെൻഷൻ, അന്യൂയിറ്റി (വാർഷിക വേതനം), മറ്റു വരുമാന മാർഗ്ഗങ്ങൾ വാർദ്ധക്യത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താൻ ആവശ്യമാണ്‌. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ, മെഡികെയർ എന്നിവ അമേരിക്കയിൽ സാമൂഹ്യ സുരക്ഷയും വാർദ്ധക്യകാല സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താൻ സഹായിക്കുന്നു.

60 വയസ്സിൽ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ആവശ്യത്തിനു സേവിംഗ്സ് (നീക്കിയിരുപ്പു) ഇല്ലെങ്കിൽ ശിഷ്ഠ കാലം സമയം ചിലവഴിക്കാനും വരുമാനത്തിനും ജോലികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ജോലി ആവശ്യമില്ലാത്തവർക്ക് സമയം എങ്ങനെ ചില വഴിക്കണം എന്നുള്ള പ്രശ്നം ഉദിക്കുന്നു

ഏകാന്തത
വാർദ്ധക്യത്തിൻ്റെ ഒരു തീരാശാപമാണ് ഏകാന്തതയും വിരസതയും. ജോലിയില്ലാതെ സമയം ചിലവഴിക്കുന്നത് എങ്ങനെ എന്ന ചോദ്യം ഉദിക്കുന്നു. ജീവിതത്തിൻ്റെ വിരസതയിൽ നിന്നും മോചനം നേടാൻ ആരോഗ്യം ഉള്ളിടത്തോളം കാലം സ്വതന്ത്രമായ ജോലിയിലോ ബിസിനസ്സിലോ ഏർപ്പെട്ട് സമയം ചിലവഴിക്കുന്നത് നല്ലതാണ്.. പക്ഷേ വാർദ്ധക്യകാലം കൂടുതൽ വിശ്രമത്തിനും ജീവിതം ആസ്വദിക്കുന്നതിനും ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു. പുസ്തകങ്ങൾ വായിക്കുക, എഴുതാൻ കഴിവുള്ളവർ എഴുതുക, പഠിപ്പിക്കുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുംകൂടി കൂടുതൽ സമയം ചിലവഴിക്കുക, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും വോളൻ്ററി സർവീസിനും സമയം കണ്ടെത്തുക, ഉല്ലാസ യാത്ര ചെയ്യുക, സ്വന്തമായി ഒരു ബിസിനസ് ചെയ്യുക തുടങ്ങിയവയെല്ലാം സമയം ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുമെന്നു കരുതാം. അഭിരുചിക്കനുസരിച്ചു മനസ്സിനിണങ്ങിയ വിനോദവൃത്തികളിൽ ഏർപ്പെടാനുള്ള സമയമാണിത്. ജോലി തേടുന്നതിനു പകരം മറ്റുള്ളവർക്ക് ജോലി കൊടുക്കുന്ന സംരംഭങ്ങൾ തുടങ്ങി നടത്തുന്നതാണ് വാർദ്ധക്യത്തിൽ അഭികാമ്യം.

വിൽപത്രം
പല കുടുംബങ്ങളിലും സഹോദരങ്ങൾ തമ്മിലും, വിവാഹ മോചനം നേടിയ ഭാര്യാഭർത്താക്കന്മാർ തമ്മിലും മക്കൾ തമ്മിലും സ്വത്തിനു വേണ്ടിയുള്ള തർക്കം മൂലം വാർദ്ധക്യ ജീവിതം അലങ്കോലപ്പെടാറുണ്ട്. സ്ഥാവര ജംഗമ സ്വത്തുക്കൾ കൃത്യമായി രേഖപ്പെടുത്തി ഒരു വിൽപത്രത്തിലൂടെ വേണ്ടപ്പെട്ടവർക്ക് വീതിച്ചു കൊടുത്താൽ വാർദ്ധക്യ ജീവിതം സമാധാനപരമായി തീരും.

സ്വത്ത് കൂടുതലുള്ളവർ അവരുടെ സ്വത്ത് സമൂഹത്തിന് ഉപകരിക്കുന്ന രീതിയിൽ ഒരു ട്രസ്റ്റിലേക്കോ മറ്റോ കൈമാറുന്നതാണ് നല്ലത്. വാറൻ ബഫറ്റ്, ബിൽ ഗേറ്റ്സ്, ഇന്ത്യയിൽ ടാറ്റാ ഇവരുടെ പ്രവൃത്തികൾ അനുകരണീയമാണ്.

മരണം
ജനിച്ചാൽ മരിക്കണം എന്നുള്ളത് അലിഖിത നിയമമാണ്. " കിടക്കാതെ മരിക്കണം. മരിച്ചു കിടക്കരുത്" എന്നു ഡാ ബാബു പോൾ പറഞ്ഞതു് വളരെ അർദ്ധഗർഭമാണ്.

മരണം മുൻകൂർ നോട്ടീസ് തരാറില്ല. ജീവിതാന്ത്യം എപ്പോൾ എങ്ങനെ എന്നും ആർക്കും അറിയില്ല. പലരും അസുഖം ബാധിച്ച്, മറ്റു ചിലർ അപകടത്തിൽ അല്ലെങ്കിൽ അക്രമത്തിനോ കൊലപാതകത്തിനിരയായി യാത്ര പറയുന്നു. ചിലർ സ്വയം സ്വന്തം ജീവിതത്തിനു വിരാമമിടുന്നു. ഇന്നു യൂത്തനേസിയ അല്ലെങ്കിൽ കാരുണ്യവധം അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ നിയമപരമായി അനുവദിച്ചിട്ടുണ്ട്. യൂറോപ്പിലും ഇതു അനുവദനീയമാണ്.

ഈ അടുത്ത കാലത്തു 17 വയസ്സുള്ള ഒരു പെൺകുട്ടി 14 വയസ്സിൽ ബലാസംഗത്തിന് ഇരയായതിന്റെ മാനസിക സംഘട്ടനങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കാതെ യൂത്തനേഷ്യ വഴി സ്വന്തം ജീവിതത്തിനു വിരാമമിട്ടു

വെറും കൈയോടെ വന്നു വെറും കൈയ്യോടെ പോകുമ്പോൾ നാം എന്തു നേടി എന്നതിനേക്കാളുപരി നാം എന്തു നൽകി എന്നുള്ള ചോദ്യത്തിനാണ് പ്രസക്തി. ഈ ലോകത്തോടും ജീവിതത്തോടും എന്നെങ്കിലും യാത്ര പറയേണ്ടി വരും എന്നുള്ള ചിന്ത ജീവിതത്തിനു അർദ്ധവും വ്യാപ്തിയും നൽകുന്നു. സ്റ്റീവ് ജോബ്സ് എന്നും രാവിലെ കണ്ണാടിക്കു മുമ്പിൽ നിന്ന് ഇന്നു തൻ്റെ അവസാനത്തെ ദിവസമായിരുന്നെങ്കിൽ ഏതെല്ലാം കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കണമെന്ന് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തുമായിരുന്നു. 

2. വാർദ്ധക്യത്തിൻ്റെ സാമൂഹ്യവശങ്ങൾ

വൃദ്ധരുടെ സംഖ്യ കൂടുന്നതോടൊപ്പം വൃദ്ധർ അവഗണിക്കപ്പെടുകയാണ് എന്നതാണു സത്യം. അവർക്കു ആരോഗ്യ സംരക്ഷണം ചികിത്സ, ജോലി, സാമ്പത്തിക സഹായം ഭക്ഷണം, പാർപ്പിടം, എന്നിവ ഉറപ്പു വരുത്തുന്നതോടൊപ്പം അവരെ ചൂഷണങ്ങളിൽ നിന്നും കുറ്റകതൃങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

വൃദ്ധസംരക്ഷണം
ഓരോ തലമുറയും പഴയ തലമുറയോട് കടപ്പെട്ടിരിക്കുന്നു. പഴയ തലമുറ വാർദ്ധക്യത്തിലൂടെ കടന്നു പോകുമ്പോൾ വൃദ്ധജനങ്ങൾ സമൂഹത്തിന് ഒരു മുതൽക്കൂട്ട് ആണ് എന്ന കാര്യം നാം വിസ്മരിക്കരുത്. അവരുടെ സംരക്ഷണം നമ്മുടെ കടമയാണ്.

നിരാലംബരായ വൃദ്ധരുടെ ജീവിതത്തിലേക്ക് ഒന്നു എത്തിനോക്കുന്നതു നന്നായിരിക്കും. പലരും സ്വന്തക്കാരാൽ ഉപേക്ഷിക്കപ്പെട്ടു വൃദ്ധ സദനങ്ങളിൽ രോഗങ്ങൾക്കു അടിമകളായി മരണവും കാത്തു കിടക്കുന്ന ദയനീയമായ കാഴ്ച നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. മുതിർന്നവർക്കുള്ള വിശ്രമഗൃഹങ്ങൾ, വൃദ്ധ സദനങ്ങൾ, ഹോസ്പിസുകൾ അഥവാ വൃദ്ധർക്കുള്ള നഴ്സിംഗ് പരിചരണ കേന്ദ്രങ്ങൾ സമൂഹത്തിൻ്റെ ഭാഗമായി തീരേണ്ടതായിട്ടണ്ട്.

പ്രായം ചെന്നവരുടെ നേഴ്സിംഗ് പരിചരണത്തിലും ശ്രദ്ധ വേണ്ടിയിരിക്കുന്നു. ജപ്പാനിൽ 100 വയസ്സുവരെ ജീവിച്ചിരിക്കുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്. നേഴ്സുമാരുടെ അഭാവം കാരണം അവരെ സംരക്ഷിക്കാൻ റോബോട്ടുകളുടെ സഹായം തേടി വരുന്നു.

സുരക്ഷ
വൃദ്ധർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടുന്നു. വാർദ്ധക്യത്തിലുള്ളവർ പല കറ്റകൃത്യങ്ങൾക്കും ഇരയാകുന്നു. ഐഡൻ്റിറ്റി (വ്യക്തിത്വ) മോഷണം, സാമ്പത്തിക തട്ടിപ്പുകൾ, ഭവനഭേദനം, സ്വർണ്ണവും പണവും മോഷണം, സ്വത്തു കൈക്കലാക്കൽ എന്നിവയ്ക്കു പുറമേ കൊലപാതകവും ഇതിൽ ഉൾപ്പെടും. വൃദ്ധജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ നൽകേണ്ടതു് ആവശ്യമാണ്. അവരുടെ ബാങ്ക് അക്കൗണ്ടുകൾക്ക് സുരക്ഷ നൽകാൻ ബാങ്ക് അധികൃതർ ബാദ്ധ്യസ്ഥരാണ്.

അന്ത്യമൊഴി
വാർദ്ധക്യം ഒരു ശാപമായി കരുതുന്നവരുണ്ടാകും. എന്നാൽ വാർദ്ധക്യം ഒരു ശാപമായി കാണേണ്ടതില്ല. വാർദ്ധക്യത്തിൽ എത്തുന്നവർ അവരുടെ ജീവിതാനുഭവങ്ങളും പാണ്ഡിത്യവും ജ്ഞാനവും മറ്റുള്ളവർക്ക് പകർന്നു കൊടുത്താൽ അത് സമൂഹത്തിനും പ്രയോജനപ്പെടും എന്നുള്ളതിൽ സംശയമില്ല. പ്രായം കൂടുംതോറും മനുഷ്യന് കൂടുതൽ അറിവും പക്വതയും കൈവരിക്കുന്നു. അതുതന്നെയാണ് വാർദ്ധക്യത്തിൻ്റെ പ്രധാന ശക്തി. ശരീരം ക്ഷീണിതമായാലും മനസ്സ് ആരോഗ്യത്തോടെ ഇരുന്നാൽ വാർദ്ധക്യത്തിലും മനുഷ്യന് സമൂഹത്തിന് പ്രയോജനപ്പെടുന്നതായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

സമൂഹം വാർദ്ധക്യത്തിൽ ഉള്ളവരുടെ ജീവിത പരിചയവും കാഴ്ചപ്പാടും വിജ്ഞാനവും ശരിക്കും പ്രയോജനപ്പെടുത്തേണ്ടതായിട്ടുണ്ട്. എങ്കിലേ സമൂഹം വളരുകയുള്ളൂ. മുതിർന്നവരേയും മാതാപിതാക്കളേയും പിതാമഹന്മാരെയും ഗുരുക്കളേയും ആദരിക്കുകയും വന്ദിക്കുകയും ചെയ്യുന്നതു മാനവ സംസ്കാരത്തിൻ്റെ ഭാഗമാണ്. അങ്ങനെയുള്ള ആരോഗ്യകരമായ ആചാരങ്ങൾ തലമുറകൾ തുടർന്നു കൊണ്ടിരുന്നാൽ സമൂഹത്തിൻ്റെ സുസ്തിരയ്ക്ക് പ്രയോജനപ്പെടും.

അതേ സമയം വാർദ്ധക്യ കാലം സംപുഷ്ഠമാക്കാൻ ഓരോ വ്യക്തിയും ശ്രമിക്കേണ്ടതുണ്ട്. ദീർഘകാലം രോഗശയ്യയിൽ കിടന്നുകൊണ്ട് മരിക്കുന്നതിനു പകരം ഓടിച്ചാടി നടന്നു യാത്ര പറയുന്നതല്ലേ നല്ലത്? വാർദ്ധക്യം ആസ്വദിക്കുന്ന മുതിർന്നവരുടെ ഒരു തലമുറ, വൃദ്ധരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പുതിയ തലമുറ ഇവ രണ്ടും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം. അവസാന നിമിഷം വരെ ജീവിതം ആസ്വദിക്കാനുള്ള ശാരീരിക ആരോഗ്യത്തോടൊപ്പം മനക്കരുത്തും നമുക്ക് ഉണ്ടാകട്ടെ. ചുരുക്കത്തിൽ വാർദ്ധക്യം ആസ്വദിക്കൂ. മുതിർന്നവരെ ആദരിക്കൂ എന്നതായിരിക്കട്ടെ നമ്മുടെ മന്ത്രം. നമ്മുടെ ജീവിതം ഒരു ആഘോഷമായിരിക്കട്ടെ, വാർദ്ധക്യത്തിലും.

****