Saturday, September 24, 2016

അനന്തയാനം -- നെല്ലിക്കുന്നിന്റെ നോവൽ


ഗോവിന്ദൻകുട്ടി എന്ന അമേരിക്കൻ മലയാളി ബിസിനസ്സ്കാരന്റെ കഥയാണ് ‘അനന്തയാനം’ എന്ന നോവലിൽ മാത്യു നെല്ലിക്കുന്ന് അനാവരണം ചെയ്യുന്നത്.

ഉപജീവനത്തിനായി സ്വപ്നഭൂമിയായ അമേരിക്കയിൽ എത്തുന്ന ഗോവിന്ദൻകുട്ടി രൂപാന്തരപ്പെടുന്നത് ധനാഢ്യനായ ഒരു സ്വർണ വ്യാപാരിയായിട്ടാണ്. പിന്നീട് ഹോട്ടൽ ഉടമ. നാട്ടിൽ കാന്തല്ലൂരിൽ തോട്ടങ്ങളുടെ ഉടമ. സാമൂഹ്യ സംഘടനാ നേതാവ്. മലയാളി കലാ സാംസ്കാരിക സംഘടനകളുടെ നിറ സാന്നിദ്ധ്യം എന്നീ നിലകളിലും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആ ഇച്ചാശക്തി തന്റെ നേട്ടങ്ങൾക്കു വഴി തെളിച്ചു.
അമേരിക്കൻ സമ്പന്നതയുടെയും നേട്ടങ്ങളുടെയും  ഒരു മറു വശമാണ് ഗോവിന്ദൻകുട്ടി എന്ന മനുഷ്യന്റെ സ്വകാര്യ ജീവിതം. പടിഞ്ഞാറൻ സംസ്കാരത്തിന്റെ നല്ല വശങ്ങൾ സാംശീകരിക്കുന്നതിലുപരി അതിന്റെ അഴുക്കു ചാലുകളിൽ അലിഞ്ഞു ചേർന്ന ഒരു കുത്തഴിഞ്ഞ ജീവിതം. മദ്യവും മദിരാക്ഷിയും നിശാ ക്ലബ്ബ്കളും തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം. വസ്ത്രങ്ങൾ മാറുന്നതുപോലെ ബന്ധങ്ങൾ മാറുന്നു.

അയാളുടെ വക്രതയാർന്ന ചിലന്തിവലയിൽ പല ഇരകളും വീണു. കാവേരി, കുമുദം, ശാരദ അക്കച്ചി. പിന്നെ ശാലിനി, ഗൗതമി, അപർണ. ആ പണക്കൊഴുപ്പാകുന്ന അഗ്നിഗോളത്തിന്റെ സൗരയൂഥത്തിൽ നട്ടംതിരിയുന്ന ചാണ്ടിച്ചായൻ, രംഗസ്വാമി, അളഗപ്പൻ, തമ്പാൻ. എതിരാളിയായ ഗോപാലിനെ അയാൾ നിഷ്പ്രയാസം ഒതുക്കുന്നു. പണം വാരി എറിഞ്ഞാൽ എന്തും സാധിക്കാമെന്ന അഹങ്കാരം. മൂകസാക്ഷിയായ ഭാര്യ വനജ. നിസ്സഹായരായ മക്കൾ.

അമേരിക്കൻ പ്രവാസി ജീവിതത്തിന്റെ ഒരു മോശമായ വശമാണ് ഈ നോവലിൽ നെല്ലിക്കുന്ന് പ്രതിഫലിപ്പിക്കുന്നത്.  കുത്തഴിഞ്ഞ ലൈംഗീകത. അതു പൂര്ണമായിട്ടും നോവലിസ്റ്റ് വിവരിക്കുന്നുമുണ്ട്.   എങ്ങനെയും  പണവും പ്രശസ്തിയും സമ്പാദിക്കുക എന്ന ലക്‌ഷ്യം മാത്രമായി ശൂന്യമായ ജീവിതം നയിക്കുന്ന ഗോവിന്ദൻകുട്ടി . നിശാക്ലബ്ബിനടുത്തുള്ള ചൂതുകളി സ്ഥലത്തു അയാൾ മോഷ്ടാക്കളുടെ അടിയേറ്റു വീഴുന്നു. ആരോഗ്യം നഷ്ടപ്പെട്ട അയാളെയും കൊണ്ട് ഭാര്യ നാട്ടിലേക്കു പുറപ്പെടുന്നു. എല്ലാം നഷ്ടപ്പെട്ട് അവസാനം നിത്യമായ ശൂന്യതയിലേക്ക് അയാൾ യാത്രയാകുന്നു.

ജീവിതം എന്ന ശൂന്യത. വിഡ്ഢി പറഞ്ഞ ഒരു കടങ്കഥ. കുറെ ബഹളങ്ങളും, ഉഗ്രകോപം പൂണ്ട ശബ്ദ കോലാഹലങ്ങളും. അതായിരുന്നു മദ്യവും, മദിരാക്ഷിയും, വക്രതയും സ്വാർത്ഥതയും നിറഞ്ഞ ഗോവിന്ദന്കുട്ടി എന്ന അമേരിക്കൻ പ്രവാസി മലയാളിയുടെ ജീവിതം. ‘അനന്തയാനം’ -- ശവ മഞ്ചത്തിലെ ആ അവസാന യാത്ര -- ആ മനുഷ്യ ജീവിത സത്യം നെല്ലിക്കുന്ന് ഈ നോവലിൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

-പൊന്നോലി

No comments:

Post a Comment