Wednesday, September 7, 2016

പുറമ്പോക്ക്

പുറമ്പോക്കിൽ 3 സെന്റ് സ്ഥലത്ത് അവളുടെ കൂരയും സ്വപ്നങ്ങളും വളര്ന്നു. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ ആ സ്വപ്‌നങ്ങൾ തകരാൻ. 

ഏപ്രിൽ 28, 2016 എന്ന ദിവസം പെരുമ്പാവൂരിൽ, ജിഷ എന്ന പെൺകുട്ടി മനുഷ്യനിലെ പൈശാചികതയുടെ, മൃഗീയമായ ബലാൽസംഗത്തിന്റെയും കൊലപാതകത്തിന്റെയും, ബലിയാടായി. അവളുടെ അമ്മ തേങ്ങി ക്കരഞ്ഞു. അലറി. അവരുടെ തേങ്ങലിൽ ആ അശരീരി ഗര്ജ്ജിച്ചു. അവളുടെ ഗർജ്ജനത്തിൽ അവർ വീണ്ടും തേങ്ങി. 
രാജേശ്വരി തേങ്ങി. മനസ്സിന്റെ സമനില തെറ്റി അവൾ അലറി. 

വര്ഷങ്ങള്ക്ക് മുൻപ് യുവത്വത്തിന്റെ രക്തത്തിളപ്പിൽ പാപ്പുവും അവളും സംഗമിച്ചു. അതിന്റെ ഫലമായിരുന്നു ദീപയും ജിഷയും. ജിഷക്ക് രണ്ടു വയസ്സായപ്പോൾ പാപ്പു അവരെ ഉപേക്ഷിച്ചു പോയി വേറെ താമസ്സമായി. അവൾ ആ പുറമ്പോക്കിൽ ഒരു കുടിലിൽ കൂലിവേല ചെയ്ത് ആ പിഞ്ചു കുഞ്ഞുങ്ങളെ വളര്ത്തി. അവരെ പഠിപ്പിച്ചു. 16 വയസ്സായപ്പോൾ മൂത്ത മകൾ ദീപയെ പ്രലോഭിപ്പിച്ച് ഒരാള് കൊണ്ടുപോയി, അവളെ ഗര്ഭം ധരിപ്പിച്ചു. കുഞ്ഞിനു 1 വയസ്സായപ്പോൾ അയാള് അവളെ ഉപേക്ഷിച്ചു. അവളേയും കാത്തു രക്ഷിക്കേണ്ട ചുമതല രാജേശ്വരിക്കായി. 

പഠിത്തത്തിലും ഡാന്സിലും ജിഷ മിടുക്കിയായിരുന്നു. BA പാസ്സായതിനു ശേഷം എറണാകുളം ലോ കോളേജിൽ നിന്നും മൂന്നു വര്ഷത്തെ പഠനം കഴിഞ്ഞു. LLB പൂർത്തിയാക്കാൻ രണ്ടു വിഷയങ്ങൾ കൂടി പാസ്സാകേണ്ടിയിരുന്നു. അതിന്റെ ശ്രമത്തിലായിരുന്നു അവൾ. 

April 27,2016:രാജേശ്വരിയും ജിഷയും ആ പുറമ്പോക്കിൽ, കുറുപ്പുംപാടി ഇരിങ്ങോൾ കനാലിന്റെ തീരത്ത്, ആസ്ബസ്ടോസ് ഷീറ്റ് പാകിയ മേല്പ്പുരയുടെ കീഴിൽ ഉറങ്ങാൻ കിടന്നു. രാത്രി 11.30 ആയിക്കാണും. മേല്പ്പുരയുടെമേൽ കല്ലുകൾ ആരോ എറിയുന്ന ശബ്ദം. അവർ പുറത്തിറങ്ങി ചുറ്റും നോക്കി. ആരെയും കണ്ടില്ല. വീണ്ടും ഉറങ്ങാൻ കിടന്നു. കുറെ കഴിഞ്ഞു വീണ്ടും കല്ലെറിയുന്ന ശബ്ദം. പേടിച്ചു വിറച്ചു അവർ ആ രാത്രി കഴിച്ചു. 

April 28, 2016:പിറ്റേന്ന് രാജേശ്വരി ജിഷയെ തനിച്ചാക്കി ഇറങ്ങി തിരിച്ചു. എങ്ങനെയെങ്കിലും പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടിയ 5 സെന്റ് സ്ഥലത്ത് ഒരു വീട് പൂർത്തിയാക്കി അങ്ങോട്ടു മാറണം. അവിടെ കുറച്ചു കൂടി ഭദ്രതയുണ്ട്. ജിഷയെ കഴുകന്മാരിൽ നിന്നും സംരക്ഷിക്കാൻ, അവളുടെ 16 വയസ്സു മുതൽ അവൾ വളരെയധികം പണിപ്പെടുന്നുണ്ടായിരുന്നു. ഇപ്പോൾ അവൾക്കു 29 വയസ്സായി. അവളുടെ ചേച്ചിയുടെ അനുഭവം അവള്ക്കുണ്ടാകരുത്. 

വൈകുന്നേരം 5 മണിയോടു കൂടി രാജേശ്വരി ജിഷയെ ഫോണിൽ വിളിച്ചു. മറുപടിയില്ല. ഏകദേശം 8 മണിയോടെ അവൾ വീട്ടിലെത്തി. വീട് പൂട്ടിയിരിക്കുന്നു. ജിഷ വിളി കേള്ക്കുന്നില്ല. അവളെ കാണ്മാനില്ല. രാജേശ്വരി ബഹളം വച്ചു. ആൾക്കാർ കൂടി. പോലീസിനെ വിവരം അറിയിച്ചു. പോലീസ് വന്നു കതകു തല്ലിപ്പൊളിച്ചു അകത്തു കയറി. 

അവർ കണ്ട കാഴ്ച മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന ജിഷയുടെ നഗ്നമായ ജഡം. രാജേശ്വരി നെഞ്ചത്തടിച്ചു നിലവിളിച്ചു. അവളുടെ ജീവിത സ്വപ്നമായിരുന്നു ജിഷ. രാജേശ്വരി സമനില തെറ്റി അലറി. പാപ്പു രാജേശ്വരിയിൽ നിന്നും അകന്നു കഴിഞ്ഞിരുന്നെങ്കിലും മക്കളോട് സ്നേഹമായിരുന്നു. താൻ ആശുപത്രിയിൽ കിടന്നപ്പോൾ ജിഷയായിരുന്നു രണ്ടു മാസം തന്നെ ശുശ്രൂഷിച്ചിരുന്നത്. ലോട്ടറി വില്പനക്കാരനായി ഉപജീവനം കഴിച്ചിരുന്ന പാപ്പു ജിഷയുടെ കൊലപാതകവിവരം അറിഞ്ഞപ്പോൾ ഒരു മനുഷ്യശവമായി മാറി. അവളുടെ ജഡം കണ്ടു അയാളുടെ മനസ്സും മരവിച്ചു. നാക്കും നിശബ്ദമായി. അയാളുടെതേങ്ങലിൽ അയാളെ ആശ്വസിപ്പിക്കാൻ ആര്ക്കും കഴിഞ്ഞിരുന്നില്ല. 

ദളിത്‌, പട്ടിണിപ്പാവങ്ങൾ, പുറമ്പോക്കുകാർ, എന്ന മുദ്രയും തലയിൽ പേറി, സമുദായത്തിൻറെ അവഗണയിലും, അഴിമതിയിലും, ചൂഷണങ്ങളിലും പെട്ട് ജിഷ എന്ന പെൺകുട്ടിയുടെ മനസ്സ് കലുഷിതമായിരുന്നു. നിശ്ചയ ദാർഡ്യത്തോടെ അവൾ പഠിച്ചു. അവളെ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ അമ്മയ്ക്കും, സഹോദരിക്കും, അകന്നു ജീവിക്കുന്ന തന്റെ അച്ഛനും അഭിമാനിക്കാവുന്ന രീതിയിൽ ഒരു വക്കീലായി ജീവിതത്തിൽ വിജയിക്കണം എന്നതായിരുന്നു അവളുടെ ലക്‌ഷ്യം. 

പൂവാലന്മാരെയും മറ്റും അവൾ ധൈര്യ പൂർവ്വം നേരിട്ടു. മൂന്ന് മാസം മുൻപ് തന്റെ അമ്മയുടെ പുറകെ വന്നു ബൈക്കു മുട്ടിച്ചു താഴെ വീഴിച്ച യുവാവിനെ അവൾ തന്നെ കൈകാര്യം ചെയ്തു പോലീസിനെ ഏല്പിച്ചു. 

28 ഏപ്രിൽ 2016: പരീക്ഷക്കു വേണ്ടി പഠിച്ചു കൊണ്ടിരുന്ന ജിഷ അമ്മ വരുമ്പോഴേക്കും ആഹാരം തയ്യാറാക്കാൻ കനാലിൽ നിന്നും വെള്ളം എടുത്തുകൊണ്ടു വന്നു. വീട്ടില് കയറി ഒളിഞ്ഞിരുന്ന ആ മനുഷ്യ മൃഗത്തെ അവൾ കണ്ടില്ല. 

പെട്ടെന്നായിരുന്നു ആ കാപാലികന്റെ ആക്രമണം. അവൾ ഒച്ച വെച്ചപ്പോൾ അയാള് അവളുടെ വായും മുഖവും ശക്തിയായി പൊത്തി അവളുടെ കഴുത്തിൽ തുണി കൊണ്ട് മുറുക്കി. അവളുടെ ശബ്ദം നിലച്ചു. അവളുടെ അലർച്ചയും നിസ്സഹായതയുടെ തേങ്ങലും ആരും ശ്രവിച്ചില്ല. ആ കാപാലികന്റെ കാമ കേളിക്കു അവളുടെ ചലനമറ്റ ശരീരം അയാള് ഇട്ടു തട്ടി. അവളുടെ കഴുത്തു ഞെരിച്ചു അവളെ കൊന്നു. ആ ശരീരം വെട്ടി ഞുറുക്കി. രക്തത്തിൽ കുളിച്ച അവളുടെ നഗ്നത അവിടെ ഉപേക്ഷിച്ചു അവൻ രക്ഷപെട്ടു. സമൂഹത്തിൽ മൂടു പടമണിഞ്ഞു വീണ്ടും ബലിയാടുകളെ തേടി. 

സമൂഹം നിസ്സംഗതയോടെ നോക്കി നിന്നു.
രാജേശ്വരി തേങ്ങി ക്കരഞ്ഞു. അലറി. അവൾ ഗര്ജിച്ചു. ജിഷയുടെ അശരീരിയും ഗര്ജിച്ചു. അവരുടെ ഗര്ജനത്തിൽ സമൂഹം തല താഴ്ത്തി. ആര് ആര് ആരാണ് കൊലപാതകി എന്ന ജിഷയുടെ ചോദ്യത്തിന് സമൂഹത്തിനു മറുപടിയില്ലായിരുന്നു. അവൾ വിരൽ ചൂണ്ടി. ആൺ വര്ഗത്തിലെ കഴുകന്മാര്ക്കു നേരെ. സമൂഹത്തിലെ അസന്തുലിതയ് ക്കെതിരെ...അക്രമണത്തിനും, അഴിമതിക്കും, ചൂഷണത്തിനും എതിരെ. “നിങ്ങൾ എന്നെ കൊന്നു” ...ആ അശരീര ശബ്ദത്തിന്റെ മാറ്റൊലി ദൈവത്തിന്റെ നാട്ടിലെങ്ങും കേൾക്കാമായിരുന്നു. ദൈവങ്ങളും തല താഴ്ത്തി. മറുപടി ഇല്ലാതെ.
-- പൊന്നോലി

No comments:

Post a Comment