Wednesday, September 7, 2016

നിഗംബോധ് ഘാട്ടിലെ അഗ്നിനാളങ്ങൾ

പ്രേംനാഥ് ബാനർജിയുടെ മൃതശരീരവുമായി ഞങ്ങൾ ഡൽഹിയിലെ നിഗംബോധ് ഘാട്ടിൽ എത്തുമ്പോൾ സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു.
സൃഷ്ടാവായ ബ്രഹ്‌മാവു യമുനാ നദിയിൽ ഇവിടെയാണ് സ്നാനം ചെയ്തു നഷ്ടപ്പെട്ടു പോയ ഓർമ്മ ശക്തി വീണ്ടെടുത്തത്. അതിന്റെ ഓർമ്മക്കായി ഇന്ദ്രപ്രസ്ഥത്തിൽ വാണിരുന്ന പാണ്ഡവ രാജാവ് യുധിഷ്ഠിരൻ യമുനാ നദിയുടെ തീരത്തു നിഗംബോധ് ഘാട്ട് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം. ഇവിടെ ശവദാഹം നടത്തുന്നത് ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു. 

പ്രേംനാഥിന്റെ ശവദാഹം സ്വന്തം സ്ഥലമായ ലക്‌നൗവിൽ നടത്താതെ, എട്ടോ ഒൻപതോ ആൾക്കാരുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ തന്നെ നടത്താൻ തീരുമാനിച്ചത് സ്വന്തം സഹോദരൻ ആയിരുന്നു. ഞാനും അതിൽ പങ്കു ചേർന്നു. അങ്ങനെ ഞാനും എന്റെ സുഹൃത്തിനു അന്തിമ യാത്രാ മൊഴി ചൊല്ലാൻ ഏതാനും കുടുംബാംഗങ്ങളോടൊപ്പം അവിടെ എത്തി. യുവതിയായ അയാളുടെ ഭാര്യ മൃണാളിനിയുടെ മനസ്സ് വേർപാടിന്റെ അസഹനീയമായ വേദനയിൽ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. അകാലത്തിൽ പൊലിഞ്ഞ ആ ചെറുപ്പക്കാരന്റെ വിയോഗത്തിൽ എല്ലാവരുടെയും മുഖത്തു ദുഃഖം തളം കെട്ടിയിരുന്നു.
വാഹനത്തിൽ നിന്നും ശവ ശരീരം എടുത്തു മണ്ഡപത്തിൽ കിടത്തി. “രാമ നാമ സത്യ ഹേ” എന്ന് കൂടെയുള്ളവർ മന്ത്രിക്കുന്നുണ്ടായിരുന്നു. അവിടെയുള്ള ഷെഡ്ഡുകളിൽ പത്തു പതിനാലു ശവങ്ങൾ കത്തിയെരിയുന്നു. കത്തിയെരിയുന്ന മാംസത്തിന്റെ ദുർഗന്ധം നാസിക ദ്വാരങ്ങളിലേക്കു തുളച്ചു കയറി. കമുകറ പുരുഷോത്തമന്റെ ഗാന വരികൾ മനസ്സിൽ തേരോട്ടം നടത്തി. “ഇല്ല ജാതികള്‍ ഭേദ വിചാരം ഇവിടേ പുക്കവര്‍ ഒരു കൈ ചാരം...മന്നവനാട്ടേ യാചകനാട്ടേ വന്നിടും ഒടുവില്‍ വന്‍ ചിത നടുവില്‍”.
തൊട്ടടുത്ത് യമുനാ നദി നിസ്സംഗതയോടെ ഒഴുകിക്കൊണ്ടിരുന്നു. പിന്നിൽ ചെങ്കോട്ട നഷ്ടപ്പെട്ട പ്രൗഢിയെ ഓർമ്മപ്പെടുത്തിക്കൊണ്ടു തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു. സെക്യൂരിറ്റി ഗാർഡ് അവിടെയുള്ള പണ്ഡിറ്റ്ജിയെ വിളിച്ചു. പണ്ഡിറ്റ്ജി ഒട്ടും സമയം പാഴാക്കാതെ നേരിട്ടു ബിസിനസ്സിലേക്കു കടന്നു. ചന്ദനം, പൂക്കൾ, വെണ്ണ, പാൽ, തേൻ, ചോറ്, വിറക്, ക്രിയ എല്ലാത്തിനുമുള്ള ചിലവ് പറഞ്ഞുറപ്പിച്ചു. മരണത്തിനു ശേഷം മുക്തി നേടാൻ, ഒരു പിടി ചാരമായി മാറാൻ അധികം ചിലവുള്ളതായി തോന്നിയില്ല. ഉടനെ തന്നെ ഷെഡിൽ ഒഴിഞ്ഞു കിടന്ന ഒരു സ്ഥലത്തേക്ക് ശവം മാറ്റാൻ കല്പിച്ചു. പണ്ഡിറ്റ്ജി പ്രേതാത്മാവിന്റെ പിതൃലോകത്തിലേക്കുള്ള യാത്രക്കുവേണ്ടിയുള്ള ഹൃദിസ്തമായ ശ്ലോകങ്ങൾ ജപിക്കാൻ തുടങ്ങി. അന്തരിച്ച മനുഷ്യാത്മാവിന്റെ പുണ്യങ്ങളോ പാപങ്ങളോ അവിടെ നിരത്തിയില്ല. ഇടയ്ക്കിടയ്ക്ക് അയാളുടെ പേരു മാത്രം ചോദിച്ചിരുന്നു. ശരീരം പഞ്ച ഭൂതങ്ങൾക്കു തിരിച്ചു അർപ്പിച്ചു. അയാളുടെ ശബ്ദം ആകാശത്തിനും, കണ്ണുകൾ സൂര്യഭഗവാനും, ശ്വാസം മാരുതനും അയാൾ അർപ്പിച്ചു. അന്ത്യേഷ്ടി കർമ്മങ്ങൾ അയാൾ പെട്ടെന്നു ചെയ്തു തീർത്തു. അവസാനം സ്വന്തം സഹോദരൻ ചിതയ്ക്കു ചുറ്റും വലം വെച്ച്, ചിതയുടെ തലയ്ക്കു തീ കൊളുത്തി. ഞങ്ങൾ ചിതയ്ക്ക് ചുറ്റും വലം വച്ചു. പണ്ഡിറ്റ്ജി കപാല ക്രിയ ചെയ്തു ആ ആത്മാവിനെ പുറത്തേക്കു ചാടിച്ചു. കഷ്ടിച്ച് ഒരു മണിക്കൂർ വേണ്ടി വന്നില്ല. ആ ജീവൻ ഒരു പിടി ചാമ്പലായി. അഗ്നിദേവൻ ആ മനുഷ്യാത്മാവിനെ യമലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയി, പിതൃക്കൾക്ക് കൂട്ടിരിക്കാൻ. ആ ചിതയിൽനിന്നുള്ള ചാരം പണ്ഡിറ്റ്ജി ഒരു മണ്കുടത്തിലാക്കി . ആ കുടവും തലയിൽ വച്ച് സഹോദരൻ പണ്ഡിറ്റ്ജിയോടൊപ്പം യമുനാ നദിയിലേക്കു നീങ്ങി. ക്രിസ്ത്യാനിയായ എന്നോടും കൂടെ ചെല്ലാൻ അയാൾ പറഞ്ഞു. ഞങ്ങൾ അത് യമുനാ നദിയിൽ ഒഴുക്കി. മൃത്യുവിൽ നിന്നും അമൃത്യുവിലേക്കുള്ള ആ ആത്മാവിന്റെ യാത്ര നിർവിഘ്‌നം തുടരാൻ. ഞാൻ ആ പടവിൽ ഇരുന്നു. കൂടെ എന്റെ സുഹൃത്തും. എന്റെ മനസ്സ് നിറയെ മരിച്ചു പോയ എന്റെ കൂട്ടുകാരന്റെ ഓർമ്മകൾ ആയിരുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചുമുള്ള തീവ്രമായ വികാരങ്ങളും.
II
അയാളുടെ മരണം ആകസ്മികമായിരുന്നു. ഞങ്ങൾ തൊട്ടടുത്ത ഫ്ളാറ്റുകളിലായിരുന്നു തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽ താമസിച്ചിരുന്നത്. അയാളും ഭാര്യയും അടങ്ങുന്ന ഒരു ചെറിയ കുടുംബം. അയാൾക്ക്‌ അന്ന് 33 വയസ്സോളം പ്രായം വരും. ഭാര്യ നന്നേ ചെറുപ്പം. കുട്ടികൾ ഉണ്ടായിരുന്നില്ല. ഒരു ദിവസം രാവിലെ അയാളുടെ ഭാര്യ എന്റെ ഫ്ലാറ്റിലേക്ക് ഓടിക്കിതച്ചു വന്നു പറഞ്ഞു അയാൾക്ക് ശ്വസിക്കാൻ ബുദ്ധി മുട്ടുന്നു. രാത്രിയിൽ ഉറങ്ങിയിരുന്നില്ല എന്ന്. ഉടനെ തന്നെ ഞാനും അയൽവാസിയായ മറ്റൊരു സുഹൃത്തും അയാളെ സഫ്ദർജംഗ് ഹോസ്പിറ്റലിൽ എത്തിച്ചു. രണ്ടു ദിവസം തീവ്ര പരിചരണം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ഡോക്ടർമാരുടെ അഭിപ്രായ പ്രകാരം അയാളുടെ കിഡ്‌നികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഡയാലിസിസ് ചെയ്യണം. ഉടനെതന്നെ അയാളെ മൂൽചന്ദ് ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ടാഴ്ച്ചയോളം ഡയാലിസിസ് ചെയ്‌തെങ്കിലും അയാളെ രക്ഷപെടുത്താൻ മെഡിക്കൽ സയൻസിനു കഴിഞ്ഞില്ല. അവസാനം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു മാറ്റിയെങ്കിലും അയാൾ അന്ത്യ ശ്വാസം വലിച്ചു. ഭാര്യയും, ഒരു സഹോദരനും, ഏതാനും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു അയാളെ പരിചരിക്കാൻ. ലക്‌നൗവിലേക്കു ശവം കൊണ്ട് പോയാൽ വയസ്സായ മാതാപിതാക്കൾക്ക് അയാളുടെ ശവം കാണുന്നതു താങ്ങാനാവില്ല എന്ന് പറഞ്ഞാണ് സ്വന്തം സഹോദരൻ തന്നെ ഡൽഹിയിൽ ശവദാഹം നടത്താൻ തീരുമാനിച്ചത്.
III
പ്രേംനാഥ് ബാനർജി സമർത്ഥനായ ഒരു യുവാവായിരുന്നു. അലിഗാർ മുസ്ലിം യുണിവേഴ്‌സിറ്റി യിൽ നിന്നും എം. എ. പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടി കേന്ദ്ര ഗവണ്മെന്റ് സർവിസിൽ നിഷ്പ്രയാസം കടന്നു കേറിയവൻ. ഒരേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്നെങ്കിലും വേറെ ബ്രാഞ്ചുകളിൽ ആയിരുന്നതുകൊണ്ടും ഒരുമിച്ചു കൂടുതൽ സമയം ചിലവഴിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ അയൽവാസി എന്ന നിലയിൽ പലപ്പോഴും അയാളെയും ഭാര്യയേയും കണ്ടു മുട്ടാറുണ്ടായിരുന്നു. ഒരു ദിവസം അയാൾ എന്റെ ഉപദേശം തേടി വന്നു. സീനിയർ ഉദ്യോഗസ്ഥൻ പല കാരണങ്ങളും കൊണ്ടും തന്നോട് വെറുപ്പും നീരസവും കാണിച്ചിരുന്നു. അവസാനം ഒരു കേസിൽ കുടുക്കി റെഗുലർ ഡിപ്പാർട്മെന്റൽ എൻക്വയറി തുടങ്ങിയിരിക്കയാണ്. കേസ് പഠിച്ചു തന്നെ ഡിഫൻഡ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കാനാണ് അയാൾ വന്നത്. അക്കാലത്തു എനിക്ക് പിടിപ്പതു ജോലി ഉണ്ടായിരുന്നത് കൊണ്ട് അത് എനിക്ക് വിഷമമാണ് എന്ന് പറഞ്ഞു അയാളെ തിരിച്ചു വിട്ടു. നിരാശയും മാനസിക സംഘർഷവും അയാളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞില്ല അയാൾ അസുഖം ബാധിച്ചു ഈ ലോകത്തോട് വിട പറഞ്ഞു. ആ ചെറുപ്പക്കാരന്റെ ജീവിതവും അന്ത്യവും എന്നെ വേദനിപ്പിച്ചു. അവസാന നാളുകളിലും സഹായിക്കാൻ സാധിക്കാഞ്ഞതിലുള്ള കുറ്റബോധവും മനസിനെ ഗ്രസിച്ചു.
IV
നിഗം ബോധ് ഘാട്ടിന്റെ യമുനാ നദിയിലേക്കുള്ള പടവുകളിൽ ഞാനും കൂട്ടുകാരനും ഇരുപ്പുറപ്പിച്ചു. ആ ശ്മശാന മൂകത എന്റെ മനസ്സിന്റെ ഭാരം വർദ്ധിപ്പിച്ചു. അവിടെയുള്ള ചിതകളിലെ അഗ്നി എന്നെ ആവാഹിക്കുന്നതായി തോന്നി. “അവനിയിലെ ആത്മവിദ്യാലയത്തിൽ” ഞാൻ ഒരു വിദ്യാർത്ഥി ആയി.
“ജീവിതവും മരണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. ഇരട്ടകളായ ഗംഗയും യമുനയും പോലെ. യമദേവന്റെ വിളി എപ്പോൾ വേണമെങ്കിലും ആർക്കും വരാം. പല രീതിയിലും.” കൂട്ടുകാരൻ ഓർമ്മിപ്പിച്ചു.
അസ്വസ്ഥമായ എന്റെ മനസ്സ് ചിന്തയിലാണ്ടിരുന്നു. “ആ അന്ത്യ സമയവും കാത്തു ഞാനും അനന്തമായ അറിവിന്റെ പന്ഥാവിലേക്കുള്ള ആ ശാന്തി കവാടത്തിൽ ഓരോ നിമിഷവും മുട്ടുന്നു. നിഗംബോധ് ഘാട്ടിലേക്കുള്ള യാത്രയിൽ എന്റെ ജീവിതം തുടരുന്നു. സഹോദരങ്ങളായ യാമിയുടെയും യമന്റെയും കളിപ്പാട്ടങ്ങളായി. ”
“അസതോ മാ സത് ഗമയാ , തമസോ മാ ജ്യോതിർ ഗമയാ, മൃത്യോ മാ അമൃതം ഗമയാ, ഓം ശാന്തി, ശാന്തി ” എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു.
യമുനാ നദി നിസ്സംഗതയോടെ ശ്യാമ സുന്ദര വശ്യതയോടെ ഒഴുകിക്കൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ ചെങ്കോട്ട ആ ഇരുട്ടിൽ എന്നേ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ തിരിച്ചു നടന്നു ജീവിതം തുടരാൻ.
-പൊന്നോലി

No comments:

Post a Comment