Wednesday, September 7, 2016

മത്തായിച്ചന്റെ വിൽപത്രം (ഒരു മിനി കഥ) - പൊന്നോലി

2060 ഏപ്രിൽ 13. മദ്ധ്യവയസ്കയായ മാർഗരറ്റ് സ്മിത് തന്റെ വേരുകൾ തേടി അമേരിക്കയിലെ ബോസ്റ്റണിൽ നിന്നും കേരളത്തിലെ വേളുക്കുന്നു ഗ്രാമത്തിലെത്തി. മേലേപ്പറമ്പിൽ മാത്യു ജോസഫ് എന്ന മത്തായിച്ചന്റെ വിവരങ്ങൾ അറിയാൻ. തന്റെ ബന്ധങ്ങൾ തിരയാൻ.
പമ്പയാറിന്റെ തീരത്തു മലയോരത്തുള്ള ആ കൊച്ചു ഗ്രാമത്തിന്റെ ഭംഗി ഒന്നു വേറേതന്നേയായിരുന്നു. കാടിന്റെയും തോടിന്റെയും ഒരു സംഗമം. ഗ്രാമത്തിൽ 100 വയസ്സു തികഞ്ഞ കൃഷ്ണൻകുട്ടി നായർ മത്തായിച്ചനെ ഓർമ്മിച്ചു.

2015 ജൂൺ 15. മത്തായിച്ചൻ മരിച്ചു എന്ന വാർത്ത ഗ്രാമത്തിൽ സംസാര വിഷയമായി. അദ്ദേഹത്തിനു മരിക്കുമ്പോൾ 76 വയസ്സായിരുന്നു പ്രായം. വീട്ടിൽ ബന്ധുക്കളുടെ നിലവിളിയും വിങ്ങിപ്പൊട്ടലും. നാട്ടിൽ മത്തായിച്ചനെ അറിഞ്ഞിരുന്നവർ സങ്കടപ്പെട്ടു. ഇത്രയും പെട്ടെന്നു മരിക്കരുതായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു. അയാളുടെ മരണത്തിൽ സന്തോഷിച്ചവർ ആരെങ്കിലുമുണ്ടായിരുന്നോ എന്നു സംശയമാണ്. കാരണം ആർക്കും ഒരു ദ്രോഹം ചെയ്തതായി കേട്ടിട്ടില്ല. പല പാവപ്പെട്ടവർക്കും അദ്ദേഹം ഒരു കരുണാനിധിയായിരുന്നു. 

മക്കൾ ഒൻപതു പേരിൽ ഏഴു പേരും വിദേശത്തായിരുന്നു. നാലു മക്കൾ അമേരിക്കയിലും, രണ്ടു പേരു് ജർമ്മനിയിലും, ഒരാൾ ഓസ്‌ട്രേലിയയിലും. രണ്ടു മക്കൾ നാട്ടിലുമുണ്ടായിരുന്നു. അപ്പനെ എന്നും തെറി വിളിക്കുന്ന ചാക്കോ എന്ന ഒരു മകനും, അപ്പനോടു അല്പമെങ്കിലും സ്നേഹമുള്ള ഒരു മകളും. ഭാര്യ മരിച്ചിട്ടു പത്തു വർഷമായിരുന്നു. തനിച്ചായിരുന്നു ജീവിതം. കൂട്ടിന് ഒരു വേലക്കാരൻ രാമു മാത്രം. വല്ലപ്പോഴും നാട്ടിലുള്ള മകൾ വന്നു സ്നേഹാന്വേഷണങ്ങൾ നടത്തും. വയസ്സു കാലത്തു തന്റെ സന്തത സഹചാരി ഒരു കുപ്പി ബ്രാണ്ടിയായിരുന്നു. പിന്നെ ബ്രൂണോ എന്ന പട്ടിയും. കൂടെ കുടിക്കാനും സൊറ ചൊല്ലാനും അയൽവക്കത്തെ ഔസേപ്പച്ചനും. കാര്യമായ അസുഖങ്ങളൊന്നുമില്ലാതെ കഷ്ടതയനുഭവിക്കാതെ മത്തായിച്ചൻ അങ്ങനെ ഇഹലോകവാസം വെടിഞ്ഞു.

പക്ഷേ മത്തായിച്ചന്റെ ആത്മാവിനു മരണത്തിലും ചിലർ സ്വൈര്യം കൊടുത്തില്ല. സ്വന്തം മക്കൾ അതിൽ പെടും. അതിനു മുൻപായി സ്വൈര്യം കൊടുക്കാതിരുന്ന വികാരിയച്ചനേപ്പറ്റി പറയേണ്ടിയിരിക്കുന്നു. മത്തായിച്ചന്റെ മരണ വാർത്ത അറിയിക്കാൻ അയൽവാസിയായ ഔസേപ്പച്ചനും, മത്തായിച്ചന്റെ മരുമകനും വികാരിയച്ചന്റെ അടുത്തു ചെന്നു. വികാരിയച്ചൻ തിരക്കാണ് എന്ന് അഭിനയിച്ചതിനു ശേഷം കാര്യം തിരക്കി. അദ്ദേഹത്തെ നേരത്തെതന്നെ വിവരം അറിയിക്കാഞ്ഞതിൽ ക്ഷുഭിതനായി. അന്ത്യ കൂദാശ സ്വീകരിക്കാതെ മരിച്ച മത്തായിച്ചന് ആത്മ ശാന്തി കിട്ടുമോ എന്നു ശബ്ദമുയർത്തി ആക്രോശിച്ചു. പിന്നെ ഒരു രെജിസ്റ്റർ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചും നോക്കിയതിനു ശേഷം പറഞ്ഞു അഞ്ചു ലക്ഷം രൂപ പള്ളിപണിക്കും മറ്റും കൊടുക്കാനുണ്ട്. ശവം അടക്കുന്നതിനു രണ്ടു ലക്ഷം. അങ്ങനെ ഏഴു ലക്ഷം രൂപ തരാതെ പള്ളിയിൽ ശവം അടക്കാൻ പറ്റുകയില്ല. വിദേശത്തുള്ള മക്കളോട് ചോദിച്ചിട്ടു വിവരം അറിയിക്കാം എന്നു പറഞ്ഞു അവർ പിരിഞ്ഞു. വിദേശത്തുള്ള മക്കളെ ഓരോന്നായി അവർ വിളിച്ചു. അമേരിക്കക്കാർക്ക് ലീവ് കിട്ടാൻ വിഷമം. ജര്മനിക്കാർ വന്നിട്ടു പോയിട്ടേയുള്ളു. ഓസ്ട്രലിയക്കാർ വരാൻ ശ്രമിക്കും. തീർച്ചയില്ല. വികാരിയച്ചൻ ചോദിച്ച രൂപയുടെ കാര്യം പറഞ്ഞപ്പോൾ ഓരോരുത്തരായി ഒഴിഞ്ഞു മാറി. ശവം മോർച്ചറിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. ശവസംസ്കാര ചിലവിലേക്കുള്ള പണത്തിനു വേണ്ടി അവസാനം പതിനഞ്ചു ഏക്കർ സ്ഥലത്തെ തേക്കു തടിക്കു വിലപറഞ്ഞു പത്തു ലക്ഷം രൂപ സ്ഥലത്തെ മുസലിയാർ മത്തായിച്ചന്റെ മരുമകനെ ഏല്പിച്ചു. അതിൽ നിന്നും ഏഴു ലക്ഷം രൂപ വികാരിയച്ചനു കൊടുത്തു. ബാക്കി സംസ്കാര ചിലവിലേക്കെടുത്തു.
ശവമടക്കു ദിവസം വിവിധ സംഘടനകളുടെ റീത്തും, രാഷ്ട്രീയക്കാരുടെ ഞെട്ടലും ഉണ്ടായിരുന്നു. ബിഷപ്പുമാർ, അച്ചന്മാർ, കന്യാസ്ത്രീകൾ അടങ്ങിയ ഒരു വമ്പിച്ച ജനാവലിയുടെ അകമ്പടിയോടെ മത്തായിച്ചന് അന്ത്യ വിശ്രമം കൊള്ളുവാൻ പള്ളി സിമിത്തേരിയിൽ സ്ഥലം കിട്ടി.
മക്കൾ ഓരോന്നായി മരണാനന്തരമുള്ള പത്താം ദിന കർമ്മങ്ങൾക്ക് എത്തിച്ചേർന്നു. ഓരോരുത്തരും സ്വത്തിന്മേൽ അവകാശവാദം ഉന്നയിച്ചു. പെൺ മക്കൾക്ക്‌ മേരി റോയിയുടെ കേസ് മനഃപാഠം ആയിരുന്നു. മത്തായിച്ചൻ വിൽപത്രം എഴുതി വക്കീലിനെ ഏൽപ്പിച്ചിരുന്നു എന്നു അപ്പോഴാണ് വെളിപ്പെടുന്നത്. വിൽപത്രത്തിൽ പത്തേക്കർ സ്ഥലം ഒരു അനാഥാലയത്തിനാണ് എഴുതി വച്ചിരുന്നത്. ബാക്കി രണ്ടേക്കർ സ്ഥലം തന്നെ വാർദ്ധക്യത്തിൽ നോക്കിയ വേലക്കാരൻ രാമുവിന്. പിന്നെ മൂന്നേക്കർ സ്ഥലവും ബാങ്കിലുള്ള പണവും ഒരു മറിയത്തിനും മകൾക്കും.
മക്കൾ എല്ലാവരും നിരാശരായി മടങ്ങിയതിന്റെ ഏഴാം ദിവസം രണ്ടു ജഡങ്ങൾ പമ്പയാറിന്റെ തീരത്തു അടിഞ്ഞു കയറി. ഒന്ന് രാമുവിന്റേതായിരുന്നു. മറ്റേതു മറിയത്തിന്റേതും.
കഥ പറഞ്ഞതിനു ശേഷം കൃഷ്ണൻകുട്ടി നായർ നെടുവീർപ്പെട്ടു:
 "അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു".

"രാമുവിന്റെയും മറിയത്തിന്റെയും മരണത്തിൽ അന്വേഷണം ഉണ്ടായിരുന്നില്ലേ?"
"പോലീസ് അന്വേഷിച്ചു. അവർക്കു ഒരു നിഗമനത്തിൽ എത്താൻ പറ്റിയില്ല എന്നു പറയുന്നു. അവരുടെ ദുരൂഹ മരണത്തിന്റെ പിന്നിൽ മത്തായിച്ചന്റെ കുടുംബത്തിലെ സ്വത്തു തർക്കമായിരുന്നു എന്നാണ് അന്നും ഇന്നും നാട്ടുകാരുടെ വിശ്വാസം"
“മറിയത്തെക്കുറിച്ചു എന്തെങ്കിലും അറിയാമോ?”
“മറിയം ബീവിയുടെ ഭർത്താവ് ഉസ്മാൻ മത്തായിച്ചന്റെ വിശ്വസ്ത സേവകനും പണിക്കാരനും ആയിരുന്നു. അദ്ദേഹം കാൻസർ വന്നു മരിച്ചതിനു ശേഷം മറിയത്തേയും പോളിയോ ബാധിച്ച മകളെയും സംരക്ഷിച്ചത് മത്തായിച്ചൻ ആയിരുന്നു. മകൾ ഹസീനാ പഠിച്ചു മിടുക്കിയായി ബാങ്ക് മാനേജർ ആയി ജോലിചെയ്യുന്നു.” 

കൃഷ്ണൻ കുട്ടി നായർക്ക് നന്ദി പറഞ്ഞു, യാത്ര പറഞ്ഞതിനു ശേഷം മറ്റു ബന്ധുക്കളെയും രാമുവിന്റെയും മറിയം ബീവിയുടെ കുടുംബാംഗങ്ങളെയും മാർഗരറ്റ് സന്ദർശിച്ചു. അടിയും വെട്ടും കൊലയുമായി നടന്ന ചാക്കോ നശിച്ചതിൽ അവൾക്കു ദുഃഖം തോന്നി. ഭാഗ്യവശാൽ ചാക്കോയുടെ മക്കൾ നല്ലവണ്ണം ജീവിക്കുന്നു.
സെയിന്റ് ജോസഫ് അനാഥാലയത്തിലെത്തിയ മാർഗരറ്റിനു തന്റെ പിതാമഹന്റെ എണ്ണഛായാ ചിത്രം അവിടെ കണ്ടതിൽ സന്തോഷം തോന്നി. പള്ളി സിമിത്തേരി മത്തായിച്ചനെ പണ്ടേ മറന്നു പോയതായ ലക്ഷണങ്ങളാണ് വെളിപ്പെടുത്തിയത്. അവിടെ ബലിക്കാക്കകളും കഴുകന്മാരും അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നത് മാർഗരറ്റിന് കാണാമായിരുന്നു. 

സ്വത്തും പണവും മനുഷ്യന്റെയും മതത്തിന്റെയും ദൈവം ആകുന്ന അവസ്ഥ അവളെ ആകുല ചിത്തയാക്കി. ഗ്രാമത്തിൽ വഴിയോരത്തു കിടന്ന തേക്കു തടികൾ മരവിച്ച മനുഷ്യ മനസ്സുകളെക്കുറിച്ചു അവളെ ഓർമ്മിപ്പിച്ചു.
ഒരു നല്ല മനുഷ്യനെ മനസ്സിലാക്കാതിരുന്ന മക്കളെക്കുറിച്ചും, അവർ അർഹിക്കാത്ത സ്വത്തിനെകുറിച്ചുള്ള അവരുടെ ആർത്തിയെക്കുറിച്ചും, മനുഷ്യത്വം മരവിച്ച അവരുടെ മനസ്സിനെക്കുറിച്ചും സങ്കടപ്പെട്ടുകൊണ്ടു, ഭാരിച്ച ഹൃദയവുമായി മാർഗരറ്റ് തിരിച്ചു യാത്രയായി. പമ്പയാർ നിസ്സംഗതയോടെ പിന്നെയും ഒഴുകിക്കൊണ്ടിരുന്നു. അങ്ങുമിങ്ങും വെള്ളം വറ്റി പാറക്കൂട്ടങ്ങൾ തെളിഞ്ഞു നിന്നിരുന്നു. 

- -പൊന്നോലി

No comments:

Post a Comment