Friday, September 16, 2016

ചാവേറുമായി ഒരഭിമുഖം

രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണവുമായി 1992 ൽ ശ്രീ ലങ്ക സന്ദർശിച്ചപ്പോൾ മനസ്സിനെ അലട്ടിയ ഒരു അനുഭവമാണ് ഇവിടെ വിവരിക്കുന്നത്.

1991 May 21 നാണ് ശ്രീ രാജീവ് ഗാന്ധി തമിഴ് നാട്ടിലെ ശ്രീപെരംബുദൂരിൽ ഒരു ചാവേറിന്റെ ബോംബ്  സ്ഫോടനത്തിൽ  കൊല്ലപ്പെടുന്നത്. 14 പേരുകൂടി കൂടെ മരിച്ചു. തനു എന്ന ഒരു പെൺ കുട്ടി തന്റെ അരയ്ക്കു ചുറ്റിയ ബെൽറ്റിൽ നിറച്ച RDX എക്സ്പ്ലോസീവ് പൊട്ടിച്ചാണ് ആത്മാഹൂതി ചെയ്തു രാജീവ് ഗാന്ധിയെ വധിച്ചത്. കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ, വധത്തിനു പിന്നിൽ ശ്രീ ലങ്കയിലെ എൽ.ടി.ടി.ഇ. യുടെ കരങ്ങളാണ് എന്ന് കണ്ടു പിടിച്ചു. അന്വേഷണം ശ്രീ ലങ്കയിലേക്കും വ്യാപിച്ചിരുന്നു.

ശ്രീ ലങ്കയിൽ അന്വേഷണത്തിനു പോയ പല ടീമുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ മൂന്നംഗ സംഘം. ശ്രീ രാധാവിനോദ് രാജുവിന്റെ നേതൃത്വത്തിൽ ആർ. ശിവാജിയും, പിന്നെ ഞാനും. ഞാൻ അന്ന് സി.ബി.ഐ യുടെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ കമ്പ്യൂട്ടർ സെന്റർ ഇൻ ചാർജ് ആയിരുന്നു. രാജീവ് ഗാന്ധി കേസിന്റെ മേൽനോട്ടം വഹിച്ചിരുന്ന അഡിഷണൽ ഡയറക്ടർ ശ്രി എസ്.കെ.ദത്തയുടെ സഹായിയായിട്ടും ജോലി ചെയ്യുകയായിരുന്നു. ശ്രീ ദത്തയുടെ നേതൃത്വത്തിലും പ്രേരണയിലും കമ്പ്യൂട്ടർ ഉപയോഗിച്ച് ‘ടെലിഫോൺ അനാലിസിസ്” എന്നൊരു പുതിയ രീതി ക്രിമിനൽ ഇന്റലിജൻസിനു വേണ്ടി സി.ബി.ഐ യിൽ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്നായിരുന്നു. ഒരു ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റ് സ്ഥാപിച്ചു എന്നെ അതിന്റെ ഒറ്റയാൾ പട്ടാളമാക്കി. എൽ. ടി.ടി.ഇ. യുടെ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ശൃംഖല അനാവരണം ചെയ്യുകയായിരുന്നു എന്റെ ദൗത്യം. രാജീവ് ഗാന്ധി കേസിൽ ഇന്റലിജൻസ് ടീമിന്റെ നേതൃത്വം ചെന്നൈയിൽ ശ്രീ സലിം അലിക്കായിരുന്നു.

ശ്രീ ലങ്കൻ അന്വേഷണ ദൗത്യത്തിൽ പ്രധാനമായിട്ടുണ്ടായിരുന്നത് രാജീവ് വധത്തിന്റെ പ്ലാൻ നടപ്പാക്കാൻ നേതൃത്വം നൽകിയ ഒറ്റക്കണ്ണൻ ശിവരാസന്റെ ശ്രീലങ്കൻ ഉത്ഭവം ഡി.എൻ.എ. സാംപ്ലിങ് വഴി ശാസ്ത്രീയമായിട്ടു തെളിയിക്കുക എന്നതായിരുന്നു. അതേസമയം അയാളുടെ ശ്രീലങ്കൻ ഐഡന്റിറ്റിയും എൽ.ടി.ടി.ഇ. ബന്ധവും കണ്ടുപിടിക്കുക, തുടങ്ങി പലതും.

ശിവരാസന്റെ അനുജത്തിയെ ശ്രീ ലങ്കൻ പട്ടാളം ജാഫ്‌നയിൽ നിന്നും അറസ്റ്റ് ചെയ്തു കൊളോമ്പോയിൽ കൊണ്ടു വന്നിരുന്നു. ശ്രീ ലങ്കൻ മെഡിക്കൽ ടീമിന്റെ സഹായത്തോടെ പരിശോധനക്കായി രക്തം, ഉമിനീർ, മുതലായവയുടെ സാമ്പിൾ എടുത്ത ശേഷം അവരെ ചോദ്യം ചെയ്തു. ഞെട്ടിപ്പിക്കുന്ന  ചില വിവരങ്ങളാണ് അവർക്കു പറയാനുണ്ടായിരുന്നത്.

ജാഫ്‌നയിൽ ഉടുപ്പിടിയിൽ ഒരു സ്കൂൾ അധ്യാപിക ആയിരുന്നു അവർ. മാസ ശമ്പളം 150 ശ്രീലങ്കൻ രൂപ. ജാഫ്‌നയിൽ ശ്രീലങ്കൻ ആർമിയും എൽ.ടി.ടി.ഇ. യും തമ്മിൽ യുദ്ധം നടക്കുകയാണ്. ഇലക്ട്രിസിറ്റി ഇല്ല. മണ്ണെണ്ണപോലും തമിഴ് നാട്ടിൽ നിന്നും കള്ളക്കടത്തു നടത്തി കൊണ്ടുവരണം. ആ ശ്രീലങ്കൻ തമിഴ് അധ്യാപികയുടെ ശമ്പളത്തിന് അനുപാതമായി ഇന്ത്യൻ എംബസി ഞങ്ങൾക്ക് തന്ന സിംഹള ഡ്രൈവറുടെ ശമ്പളം ഏകദേശം 7000 ശ്രീലങ്കൻ രൂപയോളം വരും. ഇതിൽനിന്നു തന്നെ സിംഹള - തമിഴ് വിവേചനം മനസ്സിലാക്കാം.

അവർ എൽ. ടി.ടി. ഇ. യുടെ ചാവേര്പടയിലെ അംഗമാണെന്നു അവർ പറഞ്ഞു. തന്റെ സഹോദരൻ മരിച്ചതിനു ശേഷമാണ് അവർ ചാവേർ പടയിൽ ചേർന്നത്. വേറൊരു സഹോദരനെ എൽ. ടി.ടി.ഇ. സ്വിറ്റ്സർലണ്ടിലേക്കു കൊണ്ടുപോയി ജോലി വാങ്ങിച്ചു കൊടുത്തു. മറ്റു കുടുംബാംഗങ്ങൾ എതിർത്തെങ്കിലും അവർ എൽ. ടി.ടി. ഇ. യുടെ ചാവേർ പടയിൽ ചേരാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു. തമിഴ് ഈലത്തിനുവേണ്ടി പട പൊരുതുക. ആത്മാഹൂതി ചെയ്യുക. സഹോദരൻ ചന്ദ്രശേഖര പാക്കിയചന്ദ്രൻ എന്ന ശിവരാസൻ തന്നെ തന്റെ മാതൃകാ പുരുഷൻ. കർണാടകത്തിലെ കോനനകുണ്ടയിൽ 1991 ഓഗസ്റ്റ് മാസം ശിവരാസൻ സയനൈഡ് ഗുളിക കഴിച്ച് സ്വയം വെടിവച്ചു സംഘമായി മരിച്ചതിനു ശേഷം അഖിലയുടെ നേതൃത്വത്തിലുള്ള ചാവേർപ്പടയിൽ അവർ അംഗമായി പരിശീലനം നേടി.

തമിഴ് ഈലം ഒരു യാഥാർഥ്യമാക്കുക. അതിനുവേണ്ടി എൽ. ടി.ടി.ഇ. പറയുന്നവരെ തന്ത്രപൂർവം കൊല്ലുക. സ്വയം മരിക്കുക. സയനൈഡ് ഗുളിക എപ്പോഴും കഴുത്തിൽ ഒരു ചരടിൽ തൂങ്ങിക്കിടക്കും. ആവശ്യം വന്നാൽ പെട്ടെന്ന് ഉപയോഗിക്കാൻ. പോക്കറ്റിൽ ഗ്രെനേഡ്, ആവശ്യ നേരത്തു അരയ്ക്ക് ചുറ്റും RDX എസ്‌പ്ലോസീവ് നിറച്ച ബെൽറ്റ്. അവ ഡിറ്റനേറ്റ് ചെയ്യാനുള്ള ബാറ്ററിയും സ്വിച്ച്ചും. ഒളിവിൽ ഉള്ള ജീവിതം. ആൾക്കൂട്ടത്തിൽ ഒരു നിഴലായി. ഇരകളെ തേടി.

നിർവികാരതയോടെ മുന്നിൽ ഇരിക്കുന്ന 20 വയസ്സുള്ള പൊക്കം കുറഞ്ഞ കറുത്ത അഴകുള്ള ആ യുവതിയുടെ മനസ്സ് മനസ്സിലാക്കാൻ വിഷമമുണ്ടായില്ല.

രാഷ്ട്രീയ സാമൂഹ്യ അനീതിയുടെ ഇരകൾ. അതിൽനിന്നും ഉത്ഭവിച്ച കടുത്ത നിരാശയും വിദ്വേഷവും. അക്രമത്തിന്റെയും കൊലയുടെയും ബലിയാടുകൾ. ഉറ്റവരും ഉടയവരും ഇല്ലാത്തവർ. കണ്മുൻപിൽ സ്വന്തമായവർ കൊല്ലപ്പെടുന്നതും ബലാത്സംഗം ചെയ്യപ്പെടുന്നതും കണ്ടു മടുത്തവർ. ആ മുഖത്ത് കടുത്ത വെറുപ്പ്, വിദ്വേഷം, പക. ക്രൂരതക്കും അനീതിക്കും വിവേചനത്തിനും എതിരെ ക്രൂരത, കൊലക്കു പകരം കൊല. തമിഴ് ഈലം എന്ന വിദൂര സ്വപ്നത്തിനുവേണ്ടി, ഒരു മായാലോകത്തിനുവേണ്ടിയുള്ള സ്വന്തം ജീവന്റെ അർപ്പണം -- ആത്മാഹൂതിക്ക് ഇപ്പോഴും തയ്യാർ. അവരുടെ മനസ്സും ചിന്തകളും ഘനീഭവിച്ചിരിക്കുന്നു. മുഖത്തെ നിർവികാരതയും  ക്രൂരഭാവവും അതിന്റെ സൂചനകൾ മാത്രം.

ലക്ഷ്യങ്ങൾ മാർഗത്തെ ന്യായീകരിക്കുമോ? ഭീകരത, കൊല ഇവ ലക്ഷ്യപ്രാപ്തിക്കുള്ള മാർഗമാണോ? ഭീകരർ, കൊലയാളികൾ, ഭ്രാന്തന്മാർ അവർ സഹതാപം അർഹിക്കുന്നുണ്ടോ?

ഒരു കുറ്റാന്വേഷകന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ എന്റെ പ്രവർത്തിമണ്ഡലത്തിലെ കർത്തവ്യങ്ങൾ തുടർന്നു.

എങ്കിലും മനസ്സിന്റെ ഉള്ളിൽ ആ ചോദ്യം അവശേഷിച്ചു: “ഭീകരരായി മുദ്ര കുത്തിയ മനുഷ്യക്കോലങ്ങളുടെ കാണാപ്പുറം കാണാതെ ഭീകരത തുടച്ചു മാറ്റാൻ കഴിയുമോ?”
-പൊന്നോലി

No comments:

Post a Comment