Monday, September 12, 2016

ബഷീര് - ഒരു അനുസ്മരണം


വൈക്കം മുഹമ്മദ്‌ ബഷീര് (1908-1994) കാലം മറഞ്ഞിട്ട് 22 വര്ഷമായി.
കാലത്തെ അതിജീവിക്കുന്ന ബഷീര് കൃതികൾ ഇന്നും സാഹിത്യകാരന്മാര്ക്ക് മാര്ഗദര്ശികൾ ആണ്. സാഹിത്യ പ്രേമികൾക്ക്  ഹരവും.


ബാല്യകാലസഖി,  മതിലുകൾ, ഇന്ടുപ്പുപ്പാക്കൊരാന ഉണ്ടായിരുന്നു, പാത്തുമ്മായുടെ  ആട്, മുച്ചീട്ടുകാരന്റെ മകൾ,   ആനവാരിയും പൊന്കുരിശു തോമായും,  മുതലായ കൃതികൾ കഴിഞ്ഞ നൂറ്റാണ്ടിലെ  മലയാളി ജീവിതത്തിന്റെ ഹൃദയ സ്പന്ദനങ്ങൾ പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരം,  ദാരിദ്യം, വര്ഗീയത, ഗ്രാമീണ ജീവിതം,  കമ്മ്യൂണിസ്റ്റ് ചിന്താഗതി ഇവയെല്ലാം ബഷീര് കൃതികളിൽ പ്രതിപാതിക്കപ്പെടുന്നുണ്ട്.  


സ്കൂൾ വിദ്യാഭ്യാസ  കാലത്ത്  വൈക്കം സത്യാഗ്രഹത്തിന്  ദൃക്സാക്ഷിയായി ഗാന്ധിജിയുടെ പാത പിന്തുടർന്നു. പിന്നീട്  1930 ലെ ഉപ്പു സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു കണ്ണൂരിൽ ജയിൽ വാസം അനുഭവിച്ചു.  ‘ഉജ്ജീവിനി’ എന്ന  വിപ്ലവ മാസിക പ്രസിദ്ധീകരിച്ചതിന്റെ  പേരിൽ  നാടു  വിടേണ്ടി വന്നു. 1930  കളിൽ  ഏഴു വര്ഷക്കാലത്തോളം  ഭാരത്തിന്റെ പല  സ്ഥലങ്ങളിലും  ആഫ്രിക്കയിലും സഞ്ചരിക്കുകയും, പട്ടിണിയും ,  തൊഴിലില്ലായ്മയും അനുഭവിച്ചറിയുകയും ചെയ്തു. അജ്മീർ, പെഷവാർ,  സിയാൽകോട്ട്, കൽക്കട്ട, എന്നിങ്ങനെ പല സ്ഥലങ്ങളിലും യാത്ര ചെയ്തു സമ്പാദിച്ച  തന്റെ  ജീവിതാനുഭവങ്ങളുടെ ഒരു പ്രതിഫലനം ആണ് ബഷീര് കൃതികൾ.


സാധാരണക്കാരന്റെ ഭാഷ,  സാധാരണ ജീവിത സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും -- ചുരുക്കത്തിൽ അതാണ്‌ ബഷീര് കൃതികൾ.  ആ കൃതികളിൽ സ്നേഹവും, പ്രേമവും, കാമവും , വിശപ്പും, പട്ടിണിയും ഉണ്ട്. സാമുഹ്യ നീതിക്കെതിരെ വിരൽ ചൂണ്ടുന്നും ഉണ്ട്. ആ വികാരങ്ങളാണ് ബഷീര് കൃതികളെ അനശ്വരമാക്കുന്നത്.


മതിലുകൾ എന്ന നോവലിൽ,  ജയിലിൽ നിന്നും മോചിതനാകുന്ന ബഷീര്, ആര്ക്കു വേണം മോചനം. വെളിയിൽ ഇതിലും വലിയ ജയിൽ അല്ലേ  എന്ന് ചോദിക്കുന്നു. വലിയ ജയിലിൽ ജീവിക്കുന്ന മനുഷ്യ മനസ്സിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി  തൂലിക ചലിപ്പിച്ച   ബേപ്പൂര് സുൽത്താൻ  മലയാളിയുടെ മനസ്സില്   എന്നും ജീവിക്കും.   


യാഥാസ്ഥിതികയുടെ  ചട്ടക്കൂട്ടിൽ നിന്നുകൊണ്ട്   കാലത്തിനതീതമായി ചിന്തിക്കുകയും, മനുഷ്യ വികാരങ്ങളെ  മാനുഷികമായ വീക്ഷണത്തിലൂടെ കാണാനും, തന്റെ ചിന്തകളും, വികാരങ്ങളും,  തന്റെ കൃതികളിൽ  താൻ സൃഷ്ടിച്ച കഥാ പാത്രങ്ങളിലൂടെ  അവതരിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത, ആ മഹത് വ്യക്തിയുടെ ഓർമ്മയ്ക്ക്‌ മുൻപിൽ പ്രണാമം.

- പൊന്നോലി  

No comments:

Post a Comment