അന്നക്കുട്ടി രാവിലെ എഴുന്നേറ്റു കുരിശുവര കഴിഞ്ഞ് അടുക്കളയിൽ കയറും. ആവശ്യമുള്ളതും ഇല്ലാത്തതുമായ പാത്രങ്ങൾ നിരത്തി വയ്ക്കും. പിന്നെ കാപ്പി അനത്ത്. അപ്പോഴായിരിക്കും മത്തായി വായിക്കോട്ട വിട്ട് എഴുന്നേറ്റുവന്ന് നേരെ കമ്പ്യൂട്ടറിന്റെ മുൻപിലേക്ക് പോകുന്നത്. പല്ലു തേക്കാനും ബാത്ത് റൂമിൽ പോകാനും ഐ-പാഡും കൊണ്ടാണ് യാത്ര. അന്നക്കുട്ടിക്ക് അത് ഒട്ടും സുഖിക്കുന്നില്ല. പണ്ടൊക്കെ എഴുന്നേറ്റു വന്നാലുടൻ ചക്കരേ കരളേ എന്നു പറഞ്ഞു കൂടുമായിരുന്നു. ഇപ്പോൾ ചക്കരയും കരളും ഒക്കെ ആ കുന്ത്രാണ്ടം ആണ്.
കമ്പ്യൂട്ടറൊക്കെ വരുന്നതിനു മുൻപ് മത്തായി എപ്പോഴും ടി. വി. യുടെ മുൻപിൽ ആയിരുന്നു പ്രതിഷ്ഠ. അതു പോയി ഓഫ് ചെയ്തു മത്തായിയോടു കലി തീർക്കുമായിരുന്നു. ഈ ഐ-പാഡ് എന്ത് ചെയ്യും?
തന്റെ അരിശം തീർക്കാൻ അടുക്കളയിലെ പാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടി കുറെ ശബ്ദം ഉണ്ടാക്കി. എന്നിട്ടും മത്തായി ശ്രദ്ധിക്കുന്ന ലക്ഷണമില്ല.
രണ്ടും കല്പിച്ചു അന്നക്കുട്ടി തീരുമാനിച്ചു ഒരു ഡിറ്റെക്റ്റീവ് വേഷം കെട്ടാൻ. ഈ ഐ-പാഡ് എന്ന കുന്തം കൊണ്ട് മത്തായി എന്താണ് ചെയ്യുന്നത് എന്നറിയണം.
സ്ക്രീനിൽ ഒളിഞ്ഞു നോക്കിയപ്പോൾ തരുണീ മണികളുടെ ഫോട്ടോ.
‘രാവിലെ തുടങ്ങും ഈ കുന്തം കൊണ്ടൊരിരുപ്പു. ഹേ മനുഷ്യാ, എന്തോന്നാ ഇതും കൊണ്ട് ചെയ്യുന്നത്?’
‘എടീ അന്നക്കുട്ടി, ഇതു കമ്പ്യൂട്ടർ യുഗമാണ്. ഫേസ് ബുക്ക് ഇല്ലേൽ ഇപ്പോൾ ജീവിക്കാൻ പറ്റുകേല.’
‘ബുക്കേലെ ഫേസ്കൾ ഞാൻ കണ്ടു. ഏത് അവളാ ഇപ്പോൾ കൂടെ പൊറുതി?’
‘അന്നക്കുട്ടി, ദൈവത്തിന് നിരക്കാത്തത് നീ പറയാതേ. അതെല്ലാം എന്റെ ഫ്രണ്ട്ൻസ് ആണ്. ‘
II
അന്നക്കുട്ടി പ്രതിഷേധം അറിയിക്കാൻ മഹാത്മജിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് നിസ്സഹകരണ പ്രസ്ഥാനം തുടങ്ങി. അതിന്റെ ആദ്യ ഭാഗമായി ‘ബ്രേക്ക് ഫാസ്റ്റ്’ തയ്യാറാക്കാതെ നേരെ പള്ളിയിലേക്ക് തിരിച്ചു.
കുർബാന കഴിഞ്ഞു അച്ചനെ കണ്ടു.
‘എന്റച്ചോ, അങ്ങേർ ഇപ്പോൾ സ്ഥിരം കമ്പ്യൂട്ടറിന്റെ മുൻപിലാ’.
അച്ചൻ അന്നക്കുട്ടിയുടെ പക്ഷം കൂടി. വല്ലപ്പോഴും അന്നക്കുട്ടിയിൽനിന്നേ വല്ല പിരിവും പ്രതീക്ഷിക്കാവൂ.
‘ശരിയാ. മത്തായിയെ ഇപ്പോൾ പള്ളിയിൽ കണ്ടിട്ടു കുറേയായി.
ദൈവ വിചാരം ഇല്ലാതെ മനുഷ്യൻ നശിച്ചു കൊണ്ടിരിക്കുകയാ. സൂക്ഷിക്കണം. ‘
വീട്ടിൽ തിരിച്ചു വന്നപ്പോൾ മത്തായി ജോലിക്കു പോയിരുന്നു. അന്നക്കുട്ടി ഒരുറച്ച തീരുമാനത്തിലെത്തി. എങ്ങനെയെങ്കിലും ഈ കമ്പ്യൂട്ടർ എന്ന കുന്തം ഉപയോഗിക്കാൻ പഠിക്കുക. മത്തായിയുടെ മുൻപിൽ തോൽക്കുന്ന പ്രശ്നമില്ല. അതൊരു വാശിയാണ്.
സ്വന്തം കൂട്ടുകാരി ലിസ്സിയെ ഫോണിൽ വിളിച്ചു.
‘എടീ ലിസ്സീ, നീയെന്നെ ഒന്ന് സഹായിക്കണം. എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിക്കണം.’
ലിസ്സി കൂട്ടുകാരിയുടെ സദുദ്ദേശത്തെ അഭിനന്ദിച്ചു. അടുത്ത ദിവസങ്ങളിൽ ലിസ്സി വീട്ടില് വന്നു കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തു. ഒരു ഈ-മെയിൽ അക്കൗണ്ട് തുടങ്ങി. അറിയാവുന്ന കൂട്ടുകാരികൾക്കൊക്കെ മെയിൽ അയച്ചു.
അന്നക്കുട്ടിയുടെ കമ്പ്യൂട്ടറിനോടുള്ള പുതിയ സ്നേഹം മത്തായിയെ ആശ്ചര്യപ്പെടുത്തി. എനിക്കും കമ്പ്യൂട്ടറൊക്കെ അറിയാം എന്നുള്ള ഭാവത്തോടെയുള്ള അന്നക്കുട്ടിയുടെ കമ്പ്യൂട്ടറിന്റെ മുന്പിലുള്ള ആ ഇരിപ്പ് ഒന്ന് കാണേണ്ടതു തന്നെയായിരുന്നു.
ഈ-മെയിലിൽ നിന്നും ഫേസ് ബുക്കിലേക്കുള്ള യാത്ര വളരെ വേഗത്തിലായിരുന്നു. താമസിയാതെ തന്നെ അന്നക്കുട്ടിക്ക് 100 ഫ്രണ്ട്സ് ആയി. അന്ന് ഫേസ് ബുക്കിൽ കയറിയപ്പോൾ ഇതാ കിടക്കുന്നു ഒരു ഫ്രണ്ട് റിക്വെസ്റ്റ്. സാക്ഷാൽ മോഹൻലാൽ തന്നെ തന്റെ സുഹൃത്ത് ആകാൻ ആഗ്രഹിക്കുന്നു. എലിവാണത്തിന്റെ വേഗതയിൽ തന്നെ അത് സ്വീകരിച്ചു.
III
പിന്നെ മോഹൻലാലിന്റെ ഈ-മെയിലും കാത്തുള്ള ഇരിപ്പായിരുന്നു ഓരോ ദിവസവും. ഇപ്പോൾ മത്തായിയെ പോലെ തന്നെ എഴുന്നേറ്റാലുടൻ കമ്പ്യൂട്ടറിന്റെ മുൻപിൽ പോയി ഇരിക്കും. അധികം താമസിച്ചില്ല മോഹൻലാലിന്റെ മെയിൽ വീണ്ടും. തന്റെ സുഹൃത്തായതിൽ ലാലിന്റെ സന്തോഷം. പാരിതോഷികമായി 100 ഡോളർ. ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫെർ ചെയ്യും. ലിങ്ക് ക്ലിക്ക് ചെയ്തു. ആവശ്യപ്പെട്ടതനുസരിച്ചു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ടൈപ്പ് ചെയ്തു ‘സബ്മിറ്റ്’ ചെയ്തു. പാസ്സ്‌വേർഡ് ചോദിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. സാരമില്ല. ആ 100 ഡോളർ കിട്ടിയിട്ട് വേണം മത്തായിയുടെ മുൻപിലൊന്നു ഞെളിഞ്ഞു നില്ക്കാൻ. സംഗതി അതു വരെ രഹസ്യമായിരിക്കണം.
കുറെ ദിവസങ്ങളായി മോഹൻലാലിന്റെ മെയിൽ വന്നിട്ട്. ബാങ്കിൽ പോയിട്ടും കുറെ നാളുകളായി. അന്നക്കുട്ടി ബാങ്കിലേക്ക് തിരിച്ചു. ആ 100 ഡോളർ എടുത്തു ഒരു പുതിയ ഷൂസ് മേടിക്കണം. 30000 ഡോളർ ബാലൻസ് അവിടെ കിടക്കട്ടെ.
ബാങ്കിലെ സ്വീകരണം അത്ര പന്തിയായി തോന്നിയില്ല. ബാലൻസ് വെറും 50 ഡോളർ. താൻ അറിയാതെ മത്തായി പണം എടുത്തോ? ബാങ്ക് സ്റ്റേറ്റ്മെന്റ് വാങ്ങിച്ചു നോക്കി. തന്റെ അക്കൌണ്ടിൽ നിന്നും ആരോ 29950 ഡോളർ പിൻവലിച്ചിരിക്കുന്നു. അത് താനല്ല എന്ന് പറഞ്ഞിട്ടും അവര്ക്കൊരു വിശ്വാസക്കുറവ്. മോഹൻലാലിന്റെ 100 ഡോളറിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ കൈ മലർത്തി. ഒരു പരാതി എഴുതി കൊടുത്തിട്ടു വീട്ടിലേക്കു മടങ്ങി.
വൈകുന്നേരം മത്തായി വീട്ടിൽ എത്തിയപ്പോൾ അന്നക്കുട്ടിയുടെ മുഖം വീർത്തിരുന്നു. കരഞ്ഞതിന്റെ ‘ഫോറെൻസിക്ക്’ തെളിവ് മുഖത്ത് കാണാമായിരുന്നു.
അന്നക്കുട്ടി മത്തായിയെ പ്രതിയാക്കി. ‘ഹേ മനുഷ്യാ. നിങ്ങളുടെ ആ കുന്തം കാരണമാ ഇങ്ങനെയൊക്കെ സംഭവിച്ചത്.’ മത്തായി മനസ്സില് ഊറെ ചിരിച്ചു. അങ്ങ് അകലെ ആകാശത്ത് കാർമേഘ പടലങ്ങൾ കരയാൻ വെമ്പി നില്ക്കുന്നത് കാണാമായിരിന്നു.
-പൊന്നോലി
No comments:
Post a Comment