Wednesday, September 7, 2016

നിയമവും നീതിയും (ഒരു മിനിക്കഥ)

പൂ വണ്ടിനോടു ചോദിച്ചു: "എന്റെ തേൻ നീ എന്തിനു മോഷ്ടിക്കുന്നു? നീ അതിനു വില തരില്ലേ?"
വണ്ടു പറഞ്ഞു: "പകരം ഞാൻ പരാഗം നടത്താം."
ചെടി തോട്ടക്കാരനോടു ചോദിച്ചു: "എന്റെ പൂക്കളും പഴങ്ങളും നീ എന്തിനു മോഷ്ടിക്കുന്നു? പകരം എന്തു തരുന്നു?"
തോട്ടക്കാരനു മറുപടി ഇല്ലായിരുന്നു. ദേഷ്യത്തിനു ചെടി വെട്ടിക്കളഞ്ഞു.
അടുത്തു നിന്ന ചെടി തോട്ടക്കാരനോട്: "നീ കൊലപാതകമല്ലേ ചെയ്തത്?ഇവിടെ നിയമമില്ലേ? " തോട്ടക്കാരൻ മറുപടി പറഞ്ഞില്ല.
അടുത്ത തോട്ടക്കാരൻ അയാളോടു വഴക്കു കൂടി. അയാളുടെ ചെടികളും പഴങ്ങളും മോഷ്ടിച്ചതിന്. വഴക്കു മൂത്തു തോട്ടക്കാരൻ അയൽവാസിയെ കുത്തി. അയാൾ മരിച്ചപ്പോൾ പോലീസ് വന്നു. അയാളെ കൊണ്ടുപോയി. നിയമം ലംഘിച്ചതിന്.
ചെടി പൂവിനോട് ചോദിച്ചു: “നമുക്ക് നിയമവും നിയമപാലകരുമില്ലേ ?”
പൂ വണ്ടിനോട് ചോദിച്ചു: “നമ്മളെ ആര് സംരക്ഷിക്കും?” അവർ പ്രകൃതിയെ നോക്കി. സൂര്യൻ അപ്പോൾ കാർ മേഘങ്ങളിൽ ഒളിച്ചിരുന്നു. മനുഷ്യൻ മരിച്ചു. ഭൂമി അവനെ വിഴുങ്ങി. അവന്റെ ശരീരം വിശന്നു വലഞ്ഞ പുഴുക്കൾക്കു ആഹാരമായി. അവന്റെ അസ്ഥിപഞ്ജരം പൊടിഞ്ഞു ചെടിക്കു വളവുമായി.
-പൊന്നോലി

No comments:

Post a Comment