Sunday, February 23, 2020

സമ്പന്ന തീരം: ഒരു കോസ്റ്ററിക്കൻ യാത്ര

സമ്പന്ന തീരം: ഒരു കോസ്റ്ററിക്കൻ യാത്ര

--ജോസഫ് പൊന്നോലി


യാത്രകൾ പുതിയ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. ജീവിതത്തിന്റെ പിരിമുറക്കങ്ങൾക്ക് അയവു വരുത്താനും അധോഗതിയിലാകുന്ന ആരോഗ്യവും മനസ്സിന്റെ ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കാനും യാത്രകൾ ഉപകരിക്കും. 2019 ലെ ക്രിസ്മസ് അവധിക്കാലം കുടുംബത്തോടൊപ്പം കോസ്റ്റാറിക്കായിലാണ് കഴിച്ചു കൂട്ടിയതു്. അവിടെ കണ്ട വിസ്മരിക്കാനാവാത്ത ചില കാഴ്ചകളും അനുഭവങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.

മദ്ധ്യ അമേരിക്കൻ പ്രവിശ്യയിലെ ഒരു കൊച്ചു രാജ്യമാണ് കോസ്റ്റാറിക്കാ. കിഴക്ക് അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും പടിഞ്ഞാറ് പസഫിക്ക് സമുദ്രവും വടക്ക് നിക്കാരാഗ്വായും തെക്കു കിഴക്കായി പനാമായും ഈ കൊച്ചു രാജ്യത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നു. ഇവിടുത്തെ കടൽത്തീരങ്ങളും മലകളും പർവ്വത നിരകളും വനങ്ങളും തോടുകളും തടാകങ്ങളും കേരളത്തിന്റെ ഭൂപ്രകൃതിയോട് സദൃശമാണ് എന്നു പറയാം. കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയോട് സമാനമാണ്. ജനസംഖ്യ 50 ലക്ഷത്തോളം വരും. അതിൽ പകുതിയോളം തലസ്ഥാന നഗരിയായ സാൻ ഹൊസേയുടെ പ്രാന്ത പ്രദേശത്താണ് വസിക്കുന്നതു്. വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ രാജ്യത്തിന്റെ സാക്ഷരത 97% ആണ്. ബാസ്കറ്റ് ബോളും ഫുട്ബോളും ഇവരുടെ പ്രധാന വിനോദങ്ങളാണ്.

ലിബേരിയാ വിമാനത്താവളത്തിലെത്തിയ ഞങ്ങൾക്ക് ഏകദേശം ഒരു മണിക്കൂർ നേരം ഇമ്മിഗ്രേഷൻ വിസ നടപടികൾ പൂർത്തിയാക്കാൻ കാത്തിരിക്കേണ്ടി വന്നു. വിമാനത്താവളത്തിലെ ഫ്ലെക്സ് ബോർഡുകളിൽ "നിർമ്മലമായ ജീവിതത്തിന്റെ നാട്ടിലേക്കു സ്വാഗതം " (ബിയൻ വെനിദോ അ ല തിയേറാ പൂരാ വിദാ) എന്ന് സ്പാനീഷ് ഭാഷയിൽ എഴുതിയതു് കാണാമായിരുന്നു. കോസ്റ്റാറ്റിക്കാ എന്ന വാക്കുകളുടെ അർത്ഥം തന്നെ "സമ്പന്നമായ തീരം" എന്നാണ്. 1502 ൽ കോസ്റ്റാറിക്കായുടെ കിഴക്കൻ തീരം സന്ദർശിച്ച ക്രിസ്റ്റഫർ കൊളംബസ്സാണ് തദ്ദേശ വാസികളുടെ സ്വർണ്ണാഭരണങ്ങൾ കണ്ട് ഈ പേരിട്ടത് എന്നു പറയപ്പെടുന്നു.


ആദ്യത്തെ ദിവസം ലീബേരിയായിയ്ക്കു സമീപമുള്ള പർവ്വത നിരകളിലൂടെ ഒരു സവാരി നടത്തി. ഭൂമിയിൽ നിന്നും ഉത്ഭവിക്കുന്ന ചൂടുള്ള വെള്ളത്തിൽ കുളിച്ചു കൊണ്ട് സമീപത്തുള്ള വെള്ളച്ചാട്ടം കണ്ടു പ്രകൃതിയുമായി ലയിച്ചിരിക്കുമ്പോൾ മനസ്സിലെ എല്ലാ പിരിമുറുക്കങ്ങളും പമ്പ കടക്കും.

അരേനാൽ അഗ്നിപർവ്വതം

കോസ്റ്റാറിക്കാ യാത്രയിൽ അവിസ്മരണീയമായ അനുഭവമായിരുന്നു അരേനാൽ അഗ്നിപർവ്വത പ്രദേശം സന്ദർശിച്ചത്. അരേനാൽ അഗ്നിപർവ്വതം കോസ്റ്റാറിക്കായിലെ ഇപ്പോഴും പ്രവർത്തനക്ഷമമായ ഒരു അഗ്നിപർവ്വതം ആണ്. 1968 മുതൽ 2010 വരെ തുടർച്ചയായി ഈ അഗ്നിപർവ്വതം പൊട്ടി ഭീമമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.


ഭൂമിയിൽ നിന്നും അഗ്നിയും ഗന്ധകവും നിർഗ്ഗമിച്ച് തിളയ്ക്കുന്ന ലാവയായി ആ മലകളുടെ പാർശ്വങ്ങളിൽ കൂടി താഴേയ്ക്കു ഒഴുകുന്ന കാഴ്ചയുടെ ഫേട്ടോകൾ കണ്ടതിനു ശേഷം ആ സ്ഥലം സന്ദർശിച്ചപ്പോൾ ജിജ്ഞാസയോടൊപ്പം ഭീതിയും മനസ്സിൽ തോന്നിയതിൽ അത്ഭുതപ്പെടാനില്ല.

ഈ അഗ്നിപർവ്വതത്തിന് 7500 വർഷത്തെ ആയുസ്സ് ഉണ്ടെന്നാണ് ഭൂഗർഭശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്. 5380 അടി ഉയരത്തിൽ കോണാകൃതിയിൽ 460 അടി വ്യാസത്തിൽ ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നു. സന്ദർശകർക്ക് താഴ്വാരം സന്ദർശിക്കാനേ അനുമതിയുള്ളൂ. അവിടെ പഴയ വിസ്ഫോടനങ്ങളുടെ ലാവാ ഒഴുകിയ പ്രദേശങ്ങൾ കാണാം.

അഗ്നിപർവ്വതം നൂറ്റാണ്ടുകളോളം പ്രവർത്തന രഹിതമായിരുന്നതുകൊണ്ട് അവിടെ ആളുകൾ താമസിക്കുവാൻ തുടങ്ങി. 1968 ലെ വിസ്ഫോടനം അവർ പ്രതീക്ഷിക്കാതിരുന്നതു കൊണ്ട് ആളപായവും നാശനഷ്ടങ്ങളും ഉണ്ടായി. 1968 ലെ വിസ്‌ഫോടനത്തിൽ 87 ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. മൂന്നു ഗ്രാമങ്ങൾ നാമാവശേഷമായി.

അഗ്നിപർവ്വത വിസ്‌ഫോടനങ്ങൾ ഭീതി ജനിപ്പിക്കുന്നവയാണ്. കത്തി ജ്വലിക്കുന്ന ഒരു ടണ്ണോളം ഭാരം വരുന്ന ഭീമമായ കല്ലുകളും പാറകളും മണിക്കൂറിൽ 1300 മൈൽ വേഗതയിൽ ചുഴറ്റി എറിയപ്പെട്ടു ഒരു മൈൽ അകലത്തിൽ വന്നു പതിക്കുന്ന കാഴ്ച പേടിപ്പെടുത്തുന്നതാണ്. തിളച്ച ലാവയും ചാരവും 20 കി.മീ. ചുറ്റളവിലുള്ള പ്രാന്ത പ്രദേശം ചുട്ടു പൊള്ളിക്കുന്നു.

നമ്മൾ വസിക്കുന്ന ഭൂമിയുടെ അകത്ത് മദ്ധ്യഭാഗത്ത് ഏകദേശം 2000 കി.മീ. താഴ്ചയിൽ തിളയ്ക്കുന്ന ഉരുകിയ ഘന ദ്രവ്യങ്ങളുടെ ലാവയാണ്. അവയുടെ മുകളിൽ ഘനീഭവിച്ച പാറക്കൂട്ടങ്ങളും. 4500 മില്യൻ വർഷങ്ങളുടെ പരിണാമ ഫലമായി ഭൂമി നമുക്ക് വാസയോഗ്യമായി തീർന്നു എന്ന കാര്യം മനുഷ്യന് അറിയാമോ എന്നു സംശയമാണ്.

കത്തിജ്വലിക്കുന്ന അരേനാൽ അഗ്നി പർവ്വതത്തിനെ അഭിമുഖീകരിക്കുന്ന മലയുടെ ചെരുവിൽ എയർ-ബി-എൻ- ബി മൂലം സംഘടിപ്പിച്ച ഒരു വീടിന്റെ ഉമ്മറത്തിരുന്നുകൊണ്ട് അഗ്നിപർവ്വതത്തേയും അതിനെ മൂടുന്ന കാർമേഖപടലങ്ങളെയും നോക്കിയിരുന്നു രണ്ടു ദിവസങ്ങൾ പോയതറിഞ്ഞില്ല.
കടൽ തീരത്ത് രണ്ടു ദിവസങ്ങൾ താമസിച്ച് കടൽക്കാറ്റും തിരമാലകളും ആസ്വദിച്ചതിനു ശേഷം നിക്കോയാ എന്ന പ്രദേശത്തുകൂടി കടന്നു പോയി. ഏതാനും മണിക്കൂറുകൾ അവിടെ ചിലവഴിച്ചു. നിക്കോയാ എന്ന പ്രദേശം ലോക പ്രസിദ്ധമായത് അവിടെ അനേകം ആൾക്കാർ 100 വയസ്സും കഴിഞ്ഞ് ഊർജ്ജസ്വലരായി ജീവിക്കുന്നതു കൊണ്ടാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ വർഷം ആൾക്കാർ ജീവിച്ചിരിക്കുന്ന ആറു പ്രദേശങ്ങളിൽ ഒന്നു നിക്കോയാ ആണ്. 2017 നവംബറിൽ നാഷണൽ ജിയോഗ്രാഫിക്ക് മാഗസിൻ കോസ്റ്റാറിക്കായെ ലോകത്തിലേക്കും ഏറ്റവും സന്തോഷം അനുഭവിക്കുന്ന ജനതയുടെ രാജ്യം എന്നു വിശേഷിപ്പിക്കുകയുണ്ടായി.
നിക്കോയാ

അവിടുത്തെ ആളുകളുടെ ആരോഗ്യത്തിന്റെ രഹസ്യം കൗതുകമേറിയതാണ്. അവിടുത്തെ ജലം ശുദ്ധവും പല ധാതു ലവണങ്ങൾ അടങ്ങിയതുമാണ്. അവിടെ കേരളത്തിൽ കിട്ടുന്ന എല്ലാ പഴവർഗ്ഗങ്ങളും സുലഭമാണ്. അവർ പ്രധാനമായും കഴിക്കുന്നത് കോൺ അഥവാ ചോളത്തിൽ നിന്നും ഉണ്ടാക്കുന്ന ടോർട്ടിയായും ബ്ലാക്ക് ബീൻസുമാണ് കൂടാതെ പഴങ്ങളും പച്ചക്കറികളും. മീനും മാംസവും അവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. നാട്ടിൻപുറത്തെ ലളിതമായ ജീവിതം. അതേ സമയം ശാരീരികാദ്ധ്വാനം ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി നാളയെപ്പറ്റി ആകുലതകളില്ലാതെ പരസ്പരം കുശലങ്ങൾ അന്വേഷിച്ചും സഹകരിച്ചും ജീവിതം മുന്നോട്ടു തള്ളിനീക്കുന്ന ഒരു ജനസമൂഹം. ആരോഗ്യപരമായ സാമൂഹ്യ ജീവിതം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. നാഗരികതയുടെ അതിക്രമങ്ങൾ ആ സന്തുഷ്ട ജനജീവിതത്തെ കാർന്നു തിന്നാൻ തുടങ്ങിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുതിരകളും വള്ളങ്ങളും കാള വണ്ടികളും ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അവയുടെ സ്ഥാനത്ത് മോട്ടോർ കാറുകളും ശബ്ദ കോലാഹലങ്ങളും ഇടം പിടിച്ചിരിക്കുന്നു. എങ്കിലും യൂണിവേഴ്സൽ ഹെൽത്ത്‌ സ്കീം നടപ്പാക്കിയ ഒരു രാജ്യമാണ് കോസ്റ്റാറിക്കാ.

ചരിത്രത്തിലൂടെ

ഈ നാട്ടിലെ ജനങ്ങൾ സമാധാന പ്രിയരാണ്. അവർക്ക് ഒരു ആർമിയോ പ്രതിരോധ സംവിധാനമോ ഇല്ല. സമീപ രാജ്യങ്ങളായ നിക്കാരാഗ്വാ, പനാമാ എന്നീ രാജ്യങ്ങളുമായി സൗഹൃദത്തിൽ കഴിയുന്നു. പതിനാറാം നൂറ്റാണ്ടിൽ ഈ പ്രദേശം കീഴടക്കിയ സ്പാനീഷുകാർ ഇവിടെയുണ്ടായിരുന്ന തദ്ദേശ ഗോത്രവർഗ്ഗക്കാരെ മിക്കവാറും പൂർണമായി ഉന്മൂലനം ചെയ്തു. സ്പെയിനിൽ നിന്നും ഇറക്കുമതി ചെയ്ത അണുക്കളെ ചെറുത്തു നില്ക്കാൻ ആ ഗോത്രവർഗ്ഗക്കാർക്കു കഴിഞ്ഞില്ല. ഇന്ന് അവശേഷിക്കുന്നത് മിക്കവാറും സ്പാനീഷുകാരുടെ പിൻ തലമുറക്കാർ ആണ്. അതുകൊണ്ടു തന്നെ സ്പാനീഷ് പള്ളികൾ അങ്ങുമിങ്ങും തലയുയർത്തി നിൽക്കുന്നതു കാണാം. എങ്കിലും ഇവിടെ ബുദ്ധമതത്തിന് പ്രചാരം സിദ്ധിച്ചിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടതായിട്ടുണ്ട്.

സമ്പദ് വ്യവസ്ഥ

കോസ്റ്റാറിക്കായുടെ സമ്പദ് വ്യവസ്ഥ കൃഷിയെയും ധാതുലവണങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പഴവർഗ്ഗങ്ങൾ ഇവിടെ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നു. കാപ്പി ഇവിടുത്തെ പ്രധാന കൃഷിയാണ്. കാപ്പി പ്ലാൻറ്റേഷൻ കോസ്റ്ററിക്കായയുടെ ഒരു ഭാഗമാണ്. കാറ്റാടി ടർബോ ഫാമുകൾ മലനിരകളിൽ കാണാം. സോളാർ , ജിയോ തെർമൽ , ഹൈഡ്രോ , ബയോമാസ് എന്നിവയാണ് വൈദ്യുതി ഉത്പാദനത്തിന് അവർ അവലംബിക്കുന്ന മാർഗ്ഗം. 2021 ൽ കാർബൺ പൂർണ്ണമായും സന്തുലനം ചെയ്യുന്ന ലോകരാഷ്ട്രങ്ങളിൽ ഒന്നായിരിക്കും കോസ്റ്റാറിക്കാ. കോസ്റ്റാറിക്കൻ ഫ്രീ ട്രേഡ്‌ സോണുകളിൽ അമേരിക്കൻ കമ്പനികളായ ഇന്റൽ, ഐ.ബി.എം, എച്ച്പി, ഡെൽ, മുതലായവ അവരുടെ ഉൽപന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നു. വിദേശ കടം താങ്ങാനാവാത്ത കോസ്റ്റാറിക്കൻ സമ്പദ് വ്യവസ്ഥയിൽ കടന്നു കയറി ചൈന പിരിമുറുക്കിക്കൊണ്ടിരിക്കുകയാണ്.

യാത്ര തുടരുന്നു

വാണിജ്യ ഭൗതിക മനോഭാവത്തിന്റെ കടന്നുകയറ്റം അവരുടെ ലളിതവും നിർമ്മലവുമായ ജീവിതം ഇല്ലാതാക്കുന്നുവോ എന്ന ചിന്ത മടക്ക യാത്രയിൽ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഭൂമിയെന്ന അഗ്നിഗോളത്തിന്റെ മേൽ ജീവിക്കുന്ന മനുഷ്യനും വെന്തുരുകി സൂര്യന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയും കാലചക്രത്തിന്റെ ഭാഗമായി അഗ്നിപർവ്വതത്തിന്റെ തിളയ്ക്കുന്ന ലാവയുടെ ബലിയാടാകുന്നത് എപ്പോഴാണ് എന്നു പ്രവചിക്കാൻ കഴിയാത്ത നിസ്സഹായനായ മനുഷ്യന്റെ അവസ്ഥ മനുഷ്യന്റെ ഗർവ്വ് ശമിപ്പിക്കേണ്ടതല്ലേ എന്ന ചോദ്യം ഉത്തരത്തിനു വേണ്ടി കാത്തിരിക്കുന്നു. ഭൂമിയും മനുഷ്യനും അനന്തതയിലേക്കുള്ള യാത്ര തുടരുന്നു. യാത്ര തുടരാൻ ഞങ്ങൾ ഹ്യൂസ്റ്റണിലേക്കു മടങ്ങി.


ഫെബ്രുവരി 23, 2020

No comments:

Post a Comment