Sunday, October 7, 2018

പൗരോഹിത്യ അതിക്രമങ്ങൾക്കു പരിഹാരം --കുറ്റിച്ചൂലോ ചാട്ടവാറോ

- പൊന്നോലി

പൗരോഹിത്യ അതിക്രമങ്ങൾ എന്ന വാക്കുകൾക്കു ഒരു നിഷേധാത്മകതയുടെ ചുവയുണ്ട്. പ്രത്യേകിച്ച് ഈ സമീപ കാലത്തെ പല സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ നമ്മൾ വിരൽ ചൂണ്ടുന്നത് വ്യക്തികളിലേക്കാണ്. അത് വിവാദങ്ങളിലേക്ക് വഴി തെളിക്കുന്നു. ഈ വിഷയത്തിലേക്കു കടക്കുന്നതിനു മുൻപ് വിദ്യാഭ്യാസ മേഖലയിലും ആതുര സേവന രംഗത്തും, മറ്റു സാമൂഹ്യ സേവന രംഗങ്ങളിലും നിസ്വാർത്ഥ സേവനം ചെയ്യുന്ന പുരോഹിതരെയും സന്യാസിനികളെയും അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

ഞാൻ ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നത് ഈ വിഷയത്തിന്റെ സാമൂഹ്യശാസ്ത്രപരമായ ഒരു വിശകലനവും അപഗ്രഥനവും ആണ്.

പ്രത്യേകിച്ച് ക്രിമിനോളജി യുടെ (കുറ്റ കൃത്യങ്ങളെ പറ്റിയുള്ള ശാസ്ത്രത്തിന്റെ) വെളിച്ചത്തിൽ ഇത് ഒരു കുറ്റകൃത്യമായും, സാമൂഹ്യ പ്രശ്നമായും വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നത്. അടിസ്ഥാന പരമായി ഈ പ്രശ്നം അധികാര ദുർവിനിയോഗത്തിന്റെ ഒരു ഭാഗമായി, സാമൂഹ്യ സുരക്ഷക്കുവേണ്ടി നിയമത്തിനു വിധേയമാക്കപ്പെടേണ്ട കുറ്റകൃത്യമായി കാണാം. ഇവിടെ നമ്മൾ വിശകലനം ചെയ്യേണ്ടത്: എന്തുകൊണ്ട് ഈ അതിക്രമങ്ങൾ നടക്കുന്നു? ഇവിടെ വ്യവസ്ഥിതി, സംവിധാനങ്ങൾ (സിസ്റ്റം) എങ്ങനെ പരാജയപ്പെടുന്നു? ഇതിന് പരിഹാര മാര്ഗങ്ങള് എന്ത്? ഇവയാണ് പ്രസക്തമായ ചോദ്യങ്ങൾ എന്ന് ഞാൻ കരുതുന്നു….

പൗരോഹിത്യ അതിക്രമങ്ങൾ… എന്തുകൊണ്ട് ?

ഡി സി. കിഴക്കേമുറി 1955 ൽ എഴുതിയ ‘മെത്രാനും കൊതുകും’ എന്ന ആക്ഷേപ സാഹിത്യ കഥയിൽ മെത്രാന്റെ മുറിയിൽ മൂളിപ്പാട്ട് പാടി ശല്യമുണ്ടാക്കുന്ന കൊതുക് മെത്രാനോട് ഇങ്ങനെ പറയുന്നുണ്ട്: “ നമ്മുടെയെല്ലാം തൊഴിൽ ഒന്നു തന്നെയാണ്; മനുഷ്യന്റെ ചോര ഊറ്റിക്കുടിക്കൽ.” ഹാസ്യ രൂപത്തിൽ കിഴക്കേമുറി മത പുരോഹിതരുടെ അധികാര ദുർവിനിയോഗത്തിലേക്കു വിരൽ ചൂണ്ടാൻ അന്ന് മടിച്ചില്ല. എത്ര എഴുത്തുകാർക്ക് ആ ധൈര്യം ഇന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് മത വിശ്വാസ, രാഷ്ട്രീയ തത്വ സംഹിതകളെ ചോദ്യം ചെയ്യുന്നവരുടെ ജീവൻ പോലും അപകടത്തിലാണ് എന്നുള്ളതാണ് സത്യം. തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതും, അതിനു ശേഷം സ്വന്തം ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യവും ഇന്നും നമ്മുടെ സാമൂഹ്യ മനസാക്ഷിയുടെ ഒരു തേങ്ങലായി നിലകൊള്ളുന്നു.

അധികാരവും അധികാര ദുർവിനിയോഗവും

സാമൂഹ്യ ജീവിയായ മനുഷ്യൻ മറ്റുള്ളവരുടെ അധികാരത്തിനു വിധേയമായി ജനനം മുതൽ മരണം വരെ ജീവിക്കേണ്ടി വരുന്നു. ഏകാധിപത്യ വ്യവസ്ഥിതിയിൽ അധികാരം അടിച്ചേൽപ്പിക്കപ്പെടുന്നു. അതു് അടിമത്തത്തിലേക്ക് നയിക്കപ്പെടുന്നു. എന്നാൽ ജനാതിപത്യ വ്യവസ്ഥിതിയിൽ നമ്മൾ ചില ചുമതലകളും അധികാരവും നമ്മൾ തിരഞ്ഞെടുക്കുന്നവർക്കു കൈ മാറുന്നു.

അധികാരത്തിൻ്റെ അന്തസത്ത ഉത്തരവാദിത്വവും സേവനവുമാണ്. ഓരോരുത്തരിലും നിയോഗിക്കപ്പെടുന്ന ചുമതല നിറവേറ്റാൻ ആവശ്യത്തിനുള്ള അധികാരം ആവശ്യമാണ്. അതുകൊണ്ടു തന്നെ മനുഷ്യ സമൂഹത്തിൻ്റെ ഏതു തലത്തിലും -- കുടുംബജീവിതം, രാഷ്ട്രീയ സംവിധാനം, തൊഴിൽ മേഖല, മതസംവിധാനം , -- ഇവിടെയെല്ലാം ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ അധികാരം ഓരോ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും നിക്ഷിപ്തമാകുന്നു. ഉത്തരവാദിത്തത്തിൽ അധിഷ്ഠിതമായ അധികാരം സേവനത്തിനുള്ള ഒരു ഉപാധിയാണ്…

പക്ഷേ അധികാരം ദുർവിനിയോഗം ചെയ്യപ്പെടാനും വ്യക്തിസ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടാനും സാദ്ധ്യതയുണ്ട് എന്നത് ഒരു ദുഃഖ സത്യമാണ്. അധികാരം ധാർഷ്ട്യത്തിന്റെയും അഹന്തയുടെയും ചൂഷണത്തിന്റെയും പര്യായമായി മാറുന്നത് നമുക്കു ചുറ്റും ഏതു മേഖലയിലും ഇന്നു കാണാം.

“അധികാരം മനുഷ്യ മനസ്സിനെ ദുഷിപ്പിക്കുന്നു. ഏകാധിപത്യം സമ്പൂർണ്ണ അഴിമതിയിലേക്കു നയിക്കുന്നു.” എന്ന് ലോർഡ് ആക്ടൻ ബ്രിട്ടീഷ് പാര്ലമെന്റില് പറഞ്ഞത് ഇന്നും അന്വര്ഥമാണ്. അധികാരത്തിൽ ഇരിക്കുന്നവർ അധികാരം ദുർവിനിയോഗം ചെയ്ത് അഴിമതി, വഞ്ചന, സാമ്പത്തിക തട്ടിപ്പ്, ലൈംഗീകാക്രമങ്ങൾ, അക്രമം, കൊലപാതകം എന്നിവയിൽ ഏർപ്പെടുന്നത് വിരളമല്ല. 

മത പുരോഹിത അതിക്രമങ്ങൾ

അധികാരം മത ആത്മീയ മേഖലയിൽ മനുഷ്യ മനസ്സിനെ വളരെ അധികം സ്വാധീനിക്കുന്നു. പുരോഹിതൻ എന്ന വാക്കുകൊണ്ട് ഒരു മതത്തിന്റെയോ, മത വിഭാഗത്തിന്റെയോ പ്രതിനിധിയായി കാണേണ്ടതില്ല. . ആത്മീയാചാര്യന്മാർ, പൂജാരികൾ, മൗലവികൾ, ഇവരെല്ലാം പുരോഹിതർ തന്നെ. അവരെല്ലാം ആദ്ധ്യാത്മികതയെയും ദൈവീകതയെയും പ്രതിനിധീകരിക്കുന്നവർ ആണ്. അവർ പൊതുജനത്തിന്റെ ആദരവും, സ്നേഹവും, വിശ്വാസവും, പ്രതീക്ഷയും, വിധേയത്വവും പിടിച്ചു പറ്റുന്നു. അവ തച്ചുടക്കപ്പെടുമ്പോൾ മനുഷ്യ ജീവിതങ്ങളോട് അവർ ചെയ്യുന്ന വഞ്ചന വര്ണനാതീതമാണ്.

മത പുരോഹിത അതിക്രമങ്ങൾ ചൂണ്ടിക്കാണിക്കുന്നത് അധികാര ദുർവിനിയോഗമാണ്. , ആത്മീയതയുടെ കാവൽ ഭടന്മാർ ധാർമ്മികത വെടിയുമ്പോൾ, മത സംവിധാനങ്ങളുടെ ജീര്ണതയും അരാജകത്വവുമാണ് സൂചിപ്പിക്കുന്നത്. അവർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ആയി മാറുന്നു. നസ്രായനായ യേശുവിന്റെ ഭാഷയിൽ “വെള്ളയടിച്ച കുഴിമാടങ്ങൾ.’

സാമ്പത്തിക ചൂഷണം

ആദ്ധ്യാത്മികതക്കു പകരം ഭൗതീകതയിലും ലൗകീകതയിലും മുഴുകിയ പുരോഹിതർ അധികാരം ദുർവിനിയോഗം ചെയ്തു പണത്തിനും, സ്വത്തിനും വേണ്ടിയുള്ള ആർത്തി കാണിക്കുന്നതു കാണാം. ആഡംബര ജീവിതം, ഭക്തി ഉപയോഗിച്ചുള്ള ചൂഷണം സാമ്പത്തിക ചൂഷണത്തിലേക്കു വഴി തെളിക്കുന്നു. വിദ്യാഭ്യാസ ആതുര സ്ഥാപനങ്ങളിൽ അഡ്മിഷൻ, ജോലി ഇവയ്‌ക്കെല്ലാം സംഭാവന (ഡൊനേഷൻ) എന്ന പേരിൽ വസൂലാക്കുന്ന പണം കണക്കിൽ കാണിക്കപ്പെടാതെ പോകുന്നു. അതുപോലെ കല്യാണത്തിനും, ശവ സംസ്കാരത്തിനും, പള്ളികൾ അമ്പലങ്ങൾ മദ്രസ പണിയാനും എല്ലാം നടത്തുന്ന പിരിവ് സാമ്പത്തിക ചൂഷണത്തിന്റെ ഭാഗമാകുന്നു.

ലൈംഗീക ചൂഷണം

സമീപ കാലത്തു നമ്മുടെ ശ്രദ്ധ ആകർഷിച്ചതു അധികാര ദുർവിനിയോഗത്തിന്റെയും പുരോഹിത ജീര്ണതയുടെയും വേറൊരു ദുഷിച്ച മുഖമാണ് -- ലൈംഗീക ചൂഷണം. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പല സംഭവങ്ങളും. അതും ആദ്ധ്യാത്മിക മേഖലയിൽ. ഉയർന്ന അധികാര മേഖലയിൽ വിഹരിക്കുന്ന പല വ്യക്തികളും അവരുടെ അധികാര സീമയിലുള്ള കുട്ടികളെയും, സ്ത്രീകളെയും ലൈംഗീകമായി ചൂഷണം ചെയ്ത് അവരുടെ അധികാരവും സ്വാധീനവും ദുരുപയോഗപ്പെടുത്തി നിയമത്തിന്റെ നൂലാമാലകളിൽ നിന്നും രക്ഷപ്പെടുന്നത് നമ്മൾ നിസ്സംഗരായി, നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും മൂടി വയ്ക്കപ്പെടുന്നു. കുറ്റവാളികൾ രക്ഷപെടുന്നു. ഇരകൾ നിശബ്ദരാക്കപ്പെടുന്നു. കൊല ചെയ്യപ്പെടുന്നു.

പല ഉദാഹരങ്ങളും ഇവിടെ ചൂണ്ടിക്കാണിക്കാം:
  • അമേരിക്കയിലും ഓസ്‌ട്രേലിയയിലും വ്യാപകമായി നടന്ന ചൈൽഡ് സെക്സ് ലൈംഗീക ദുരുപയോഗ കേസുകൾ. 
  • ജലന്ധർ ബിഷപ്പ് കേസ് 
  • ഫാ. റോബിൻ കേസ് 
  • ഓർത്തഡോക്സ് സഭയിലെ പുരോഹിതന്മാരുടെ കേസ്
  • സിസ്റ്റർ അഭയ കൊലക്കേസ് 
  • ഗുർമീത് റാം റഹിം കേസ് 
  • ആശാറാം ബാപ്പു കേസ് 
  • കാത്തുവായിലെ നിർഭയ - 8 വയസ്സുള്ള പെൺകുട്ടിയുടെ നിഷ്ടൂരമായ ബലാത്‌സംഗവും കൊലയും 
  • കുട്ടികളെ പീഡിപ്പിച്ച മൗലവിയുടെ കേസ് 

സിസ്റ്റർ ജെസ്മിയുടെ അനുഭവങ്ങളുടെ കഥ അവരുടെ ‘അമ്മേൻ’ എന്ന പുസ്തകത്തിൽ അവർ രേഖപ്പെടുത്തിയിട്ടുണ്ട്. സിസ്റ്റർ മേരി ചാണ്ടിയുടെ അനുഭവ കഥകളും മനുഷ്യ മനസാക്ഷിയെ പിടിച്ചു കുലുക്കുന്നവയാണ്. അവർ എഴുതി: “ അവിഹതത്തിൽ പിറന്ന അനേകം കുഞ്ഞുങ്ങളെ വികാരിമാർ കൊന്നൊടുക്കി. പള്ളി വികാരിമാരുടെ നിരവധി കുട്ടികൾ സഭയുടെ അനാഥാലയങ്ങളിൽ വളരുന്നുണ്ട്.”

കുറ്റകൃത്യങ്ങൾ

ക്രിമിനോളജിയുടെ പശ്ചാത്തലത്തിൽ ‘കുറ്റകൃത്യങ്ങൾ’ ചെയ്യാനുള്ള വാസന എല്ലാവരിലും ഉറങ്ങി കിടപ്പുണ്ട്. സാഹചര്യങ്ങൾ, ജീവിതത്തിലെ പല സ്വാധീനങ്ങൾ, വ്യക്തിയുടെ മൂല്യങ്ങൾ ഇവ കുറ്റകൃത്യങ്ങൾ തടയാനോ പരിപോഷിപ്പിക്കാനോ സാധിക്കും. പുരോഹിതരുടെ ലൈംഗീക കുറ്റകൃത്യങ്ങൾ വെളിച്ചത്തു വരുമ്പോൾ ഒരു വിരോധാഭാസം എന്നവണ്ണം പുരോഹിതർ, ആത്മീയാചാര്യർ ബലഹീനരാണ് എന്നുള്ള ന്യായീകരണം നമ്മൾ കേൾക്കുന്നു.

ആത്മീയതുടെ മറവിൽ നടക്കുന്ന ചൂഷണം ഒരു അടിമത്ത സംവിധാനത്തിൽ നിന്നും ഉടലെടുക്കുന്നു. ഒരു ഫ്യുഡലിസ്റ് വ്യവസ്ഥിതി, അടിമത്തം, അടിച്ചേൽപ്പിക്കപ്പെടുന്ന വിശ്വാസങ്ങളും ആചാരങ്ങളും, ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും, ചോദ്യം ചെയ്യുന്നവരെ ദ്രോഹികളായി മുദ്ര കുത്തി പുറന്തള്ളുകയും ദ്രോഹിക്കുകയും, കരി തേച്ചു കാണിക്കുകയും കൊല്ലുകയും ചെയ്യുന്ന അവസ്ഥ.. ഇവയെല്ലാം ഒരു ജീർണിച്ച വ്യവസ്ഥിതിയുടെ ഘടകങ്ങളായി കരുതാം. കേരളത്തിലെ ബ്രാഹ്മണ മേധാവിത്വവും, മേൽക്കോയ്മയും അവയുടെ ജീര്ണതയും, അധഃപതനവും ഒരു ദൃഷ്ടാന്തമായി കാണാം. മത മൗലികതയും, തീവ്രവാദവും മാനസിക അടിമത്തത്തിൽ നിന്നും ഉത്ഭവിക്കുന്നതായും കാണാം.

അമിതമായ ആദരവ്, വിധേയത്വം, അനുസരണ, ഇവ പുരോഹിത ലൈംഗീക ചൂഷണങ്ങളിൽ ഉടനീളം കാണാം. കുട്ടികൾ പ്രത്യേകിച്ച് അൾത്താര ശുശ്രൂഷികൾ, പെൺകുട്ടികൾ, ഗായകസംഘം അംഗങ്ങൾ, മതാദ്ധ്യാപകർ, സന്യാസിനികൾ, ഇവർ പുരുഷ മേധാവിത്വത്തിനും, മാനസികവും, ശാരീകവുമായ അടിമത്തത്തിനും ലൈംഗീക ചൂഷണങ്ങൾക്കും ഇരകൾ ആയി തീരുന്നു.

മത സംവിധാനങ്ങളിൽ അന്ധമായ വിധേയത്വവും അനുസരണയും കൂടുതലാണ്. അവിടെ ചൂഷണങ്ങളും കൂടാൻ സാധ്യത വലുതാണ്. ചോദ്യം ചെയ്യപ്പെടാത്ത ആചാരങ്ങളും, വിശ്വാസ, തത്വ സംഹിതകളും, മനുഷ്യ മനസ്സുകളെ മാനസിക അടിമത്തത്തിലേക്കു തള്ളി വിടുന്നു. മത മൗലികത ജനിപ്പിക്കുന്ന വെറുപ്പും വിദ്വേഷവും, തീവ്രവാദവും മനുഷ്യ മനുഷ്യനെ മാനസിക അടിമകളാക്കി മാറ്റും. സ്വതന്ത്രമായ മനസ്സിന് മാത്രമേ പൂർണ സ്വാതന്ത്രം അനുഭവിക്കാനാവൂ. അവിടെയാണ് ജനാധിപത്യ സംവിധാനത്തിന്റെ പ്രസക്തി.

കുമ്പസാരത്തിന്റെ മറവിൽ

ഏറ്റവും ദുഖകരമായ അവസ്ഥയാണ് ഒരു സ്ത്രീയെ അവരുടെ കുമ്പസാര രഹസ്യം ഉപയോഗിച്ച് പല വൈദീകരും ചേർന്ന് ഈ അടുത്ത കാലത്തു കേരളത്തിൽ പീഡിപ്പിച്ചത്. വിശ്വാസത്തിന്റെയും മത ചടങ്ങുകളുടെയും ചങ്ങലകൾ മനുഷ്യ മനസ്സുകളെ എങ്ങനെ ബന്ധിപ്പിക്കുന്നു, അവ ചൂഷണങ്ങൾക്ക് വഴി തെളിക്കുന്നു എന്നുള്ളതിന്റെ ഒരു ഉദാഹരണമാണ് ഈ കേസ്.

ഈ കേസും മറ്റു പല കേസുകളും കുമ്പസാരം സ്ത്രീകളെ പീഡിപ്പിക്കാൻ കുറ്റവാസനയുള്ള പുരോഹിതർക്ക് സഹായമാകും എന്നുള്ള സൂചനയാണ് നൽകുന്നത്.

പതിമൂന്നാം നൂറ്റാണ്ടു മുതൽ കത്തോലിക്കാ സഭയിൽ നിര്ബന്ധമാക്കിയ ഒരു ആചാരമാണ് രഹസ്യത്തിൽ പുരോഹിതനോടുള്ള ആണ്ടു കുമ്പസാരം അല്ലെങ്കിൽ പാപങ്ങൾ ഏറ്റു പറയൽ. കുമ്പസാരം വഴി സ്ത്രീകളെ പുരോഹിതർ പീഡിപ്പിക്കാൻ തുടങ്ങിയതു കൊണ്ടാണ് കുമ്പസാര കൂട് പതിനാറാം നൂറ്റാണ്ടു മുതൽ പ്രാബല്യത്തിൽ വന്നത്. 1910 ൽ പോപ്പ് പയസ് പത്താമൻ ഏഴു വയസ്സുള്ള കുട്ടികൾ മുതൽ കുമ്പസാരിക്കണമെന്നും തുടർച്ചയായ കുമ്പസാരം വേണമെന്നും സഭയിൽ നിയമം കൊണ്ടു വന്നതോടു കൂടി കുട്ടികളുടെ ചൂഷണത്തിനും സാധ്യത വന്നു. പോപ്പ് പോൾ ആറാമൻ പൊതുവായ രഹസ്യ കുമ്പസാരം അനുവദിച്ചെങ്കിലും പോപ്പ് ജോൺ പോൾ രണ്ടാമൻ അത് എടുത്തു കളഞ്ഞു. ജോൺ കോൺവെല്ലിന്റെ ‘ദി ഡാർക്ക് ബോക്സ് ‘ (2014 ) എന്ന പുസ്തകത്തിൽ കുമ്പസാരത്തിന്റെ ചരിത്രവും അതിന്റെ നല്ല വശവും മോശ വശങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

പരിഹാരം എന്ത് ?

മാനവികതയിലും ധാര്മികതയിലും മൂല്യങ്ങളിലും അച്ചടക്കത്തിലും അധിഷ്ഠിതമായ വിശ്വാസ സംഹിതയും, ആത്മീയതയും, സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാക്കണം. ധർമ്മം, നീതി, സത്യസന്ധത, സേവനം ഇവ അധികാരത്തിന്റെ മുഖമുദ്രയാകണം.

മദർ തെരേസയെപ്പോലെ ദയാബായി എന്ന സാമൂഹ്യ പ്രവർത്തക സംഘടിത സഭയെയും, അതിന്റെ അധികാര ശ്രേണികളെയും ഉപേക്ഷിച്ചു മാനവികതയിൽ അധിഷ്ഠിതമായ സാമൂഹ്യ സേവനത്തിനു വേണ്ടി സ്വന്തം ജീവിതം അർപ്പിച്ചത് ഒരു ദൃഷ്ടാന്തമായി ചൂണ്ടി കാണിക്കാം.

മനുഷ്യൻ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങിയാൽ ചൂഷണങ്ങൾക്ക് വിധേയരാകുന്നത് കുറയ്ക്കാം.
ലൈംഗീകത:

പുരുഷ മേധാവിത്വം ലൈംഗീകാതിക്രമങ്ങൾക്കു ഒരു പ്രധാന കാരണമാണ്. സ്ത്രീത്വത്തെ ബഹുമാനിക്കുക, പുരുഷ സ്ത്രീ സൗഹൃദം പരിപോഷിപ്പിക്കുക, ഉത്തരവാദപ്പെട്ട ലൈംഗീക ബന്ധങ്ങൾ, കുടുംബ ജീവിതത്തെ പരിപോഷിപ്പിക്കുന്ന ഒരു സംസ്കാരം, ബലാത്സംഗം, പീഡനം, ഇവയെ നിഷ്കരുണം ശിക്ഷിക്കുന്ന ഒരു സാമൂഹ്യ, നിയമ സംവിധാനം. … ഇവയെല്ലാം സാമൂഹ്യ ജീവിതത്തിന്റെ ഭാഗമല്ലെങ്കിൽ ലൈംഗീക അരാജകത്വവും ചൂഷണങ്ങളും കൂടും.

സാമൂഹ്യ സുരക്ഷ

കുറ്റ കൃത്യങ്ങൾ ചെറുക്കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങളുടെയും, നീതി ന്യായ വ്യവസ്ഥിതിയുടെയും കാര്യക്ഷമത തുടർച്ചയായി പരിശോധിക്കേണ്ടതുണ്ട്. നിയമങ്ങൾ, കുറ്റാന്വേഷണ സംവിധാനം, പ്രോസിക്യൂഷൻ, കോടതികൾ, ശിക്ഷാ സംവിധാനം, ജയിൽ സംവിധാനം ഇവയെല്ലാം ഇതിന്റെ പരിധിയിൽ പെടും. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് നീതിന്യായ സംവിധാനത്തിന് എക്കാലവും ആവശ്യം. കുറ്റകൃത്യങ്ങളുടെ ഇരകളെ സംരക്ഷിക്കേണ്ട കടമയും സമൂഹത്തിനുണ്ട്.

കുറ്റവാളികൾ അതായത് സാമൂഹ്യ വിരുദ്ധതയുള്ളവർ സമൂഹത്തിൽ ഒരു ന്യൂന പക്ഷമാണ്. വ്യക്തികളുടെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുമ്പോൾ, സമൂഹത്തിലെ നിയന്ത്രണങ്ങൾ കുറയുകയും, കുറ്റ കൃത്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ കൂടുകയും ചെയ്യുമ്പോൾ, കടിഞ്ഞാണില്ലാത്ത അധികാരത്തിന് നമ്മൾ വിധേയരാകുമ്പോൾ, നീതിന്യായ സംവിധാനത്തിലെ ഓരോ ഉദ്യോഗസ്ഥനും തന്റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യാതിരിക്കുമ്പോൾ, സാമൂഹ്യ നീതിക്കു കോട്ടം വരുമ്പോൾ, കുറ്റ കൃത്യങ്ങൾ കൂടുന്നു.

ചൂഷണത്തിനെതിരെയുള്ള പ്രതികരണം

അധികാര ശക്തിയെയും, ചൂഷണത്തെയും നേരിടാൻ വളരെ അധികം ധൈര്യം വേണം. സിസ്റ്റർ ജെസ്മിയുടെ ജീവിതം തന്നെ ഇതിന് ഉദാഹരണമാണ്. ഭ്രാന്തിയായും, വേശ്യയായും അവരെ ചിത്രീകരിച്ചു. അമൃതാനന്ദമയിയുടെ മഠങ്ങളിലെ ചൂഷണങ്ങൾ വെളിച്ചത്തു കൊണ്ടു വരുവാൻ ഗെയിൽ ട്രെഡ്‌വെൽ എന്ന വിദേശ വനിതക്ക് വളരെയധികം സഹിക്കേണ്ടി വന്നു. ‘ഹോളി ഹെൽ -- വിശുദ്ധ നരകം: വിശ്വാസം, ഭക്തി, പിന്നെ ശുദ്ധ ഭ്രാന്ത് - അനുസ്‌മരണകള്‍ ‘ എന്ന അവരുടെ പുസ്തകം വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന തട്ടിപ്പുകളുടെ ഒരു വെളിപ്പെടുത്തലാണ്.

പുരോഹിതന്മാരുടെ അധികാരത്തിനു നിയന്ത്രണം വേണം . പുരോഹിതന്മാർ ആദ്ധ്യാത്മികതയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അധികാര ദുർവിനിയോഗം തടയാൻ ഒരു നിഷ്പക്ഷ നിരീക്ഷണ വിജിലൻസ് ഓഡിറ്റ് സംവിധാനം ഏർപ്പെടുത്തണം. യേശുവിൻ്റെ ജീവിതവും പ്രബോധനങ്ങളും ഉൾക്കൊണ്ടു് ആദിമ സഭയുടെ കൂട്ടായ്മയുടെ രീതിയിൽ ക്രിസ്തീയ സഭകൾ സ്വയം രൂപാന്തരപ്പെടുത്തണം. വിശ്വാസ സംഹിതകളിലും ആചാരങ്ങളിലും മാറ്റങ്ങൾ വരുത്തണം. സ്വത്തുക്കളും മറ്റും കൈകാര്യം ചെയ്യാൻ Church Act നിലവിൽ വരണം. മറ്റു മതങ്ങളിലും സമാനമായ മാറ്റങ്ങൾ ആവശ്യമാണ്. ഫ്യൂഡലിസ്റ് സംവിധാനങ്ങൾ എവിടെയും ജനാധിപത്യവത്കരിക്കണം. മനുഷ്യർ സ്വതന്ത്രരായി ചിന്തിക്കാൻ തുടങ്ങണം.

സാഹിത്യ ധർമ്മം

ആത്മീയതയുടെ കാവൽ ഭടന്മാർ ധാർമ്മികത വെടിയുമ്പോൾ, സേവനത്തിനു പകരം സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ അതിന്റെ ഇരയായിട്ടുള്ളവർ പ്രതികരിക്കാൻ ശക്തി ഇല്ലാതായി തീരുമ്പോൾ, സ്വതന്ത്ര ചിന്തകർ, എഴുത്തുകാർ, സാമൂഹ്യ പ്രവർത്തകർ, സാഹിത്യകാരന്മാർ ഇരകളുടെ ശബ്ദമായി നീതിക്കു വേണ്ടി, മാനവികതക്കുവേണ്ടി, മനുഷ്യാവകാശങ്ങൾക്കു വേണ്ടി, മുന്നോട്ടു വരേണ്ടിയിരിക്കുന്നു. അവരുടെ ശബ്ദവും, തൂലികയും (സൈബർ തൂലികയാണെങ്കിലും മതി) ചലിപ്പിക്കേണ്ടിയിരിക്കുന്നു.

എഴുത്തുകാർ മാറ്റത്തിന്റെ, സാമൂഹ്യ പരിവർത്തനത്തിന്റെ വക്താക്കൾ ആണ്. സാഹിത്യ സൃഷ്ടികൾ സാമൂഹ്യ വിപ്ലവത്തിന് വഴി തെളിച്ചിട്ടുണ്ട്. അലമാരികളിൽ അസ്ഥിപഞ്ജരം കണ്ടേക്കാം. ആദ്ധ്യാത്മികതയുടെ മറവിൽ നടക്കുന്ന ചൂഷണങ്ങളിൽ നിന്നും മാനവ രാശിയെ രക്ഷിക്കാൻ നിങ്ങൾ തീരുമാനിക്കൂ കുറ്റിച്ചൂലു വേണോ, ചാട്ടവാർ വേണോ എന്ന്.

ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ മലയിലെ പ്രസംഗം ഇവിടെ പ്രസക്തമാണ് : “നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ. എന്തു കൊണ്ടെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു. “

ചുരുക്കത്തിൽ

മത പുരോഹിത സാമ്പത്തിക ലൈംഗീക അതിക്രമങ്ങൾ അധികാര ദുർവിനിയോഗവും കുറ്റകൃത്യങ്ങളുമാണ് ചൂണ്ടിക്കാണിക്കുന്നത്. അവ ഒരു ഫ്യൂഡലിസ്റ് അടിമത്ത വ്യവസ്ഥിതിയുടെ ഭാഗമായി വേണം കരുതാൻ.

പരിഹാരം എന്ത്? ഫ്യൂഡലിസ്റ് വ്യവസ്ഥിതി ജനാധിപത്യവൽക്കരിക്കേണ്ടിയിരിക്കുന്നു. ഈ ശാസ്ത്ര യുഗത്തിൽ പല അനാചാരങ്ങളും വിശ്വാസങ്ങളും മാറ്റേണ്ടിയിരിക്കുന്നു. അധികാരത്തിനു നിയന്ത്രണം വേണം. മാറ്റങ്ങൾ വരുത്താൻ കുറ്റിച്ചൂലു വേണോ, ചാട്ടവാർ വേണോ? വിശ്വാസികൾ സ്വയം തീരുമാനിക്കട്ടെ.

(ഈ ലേഖനം ഒക്ടോബര് 6, 2018 നു അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ അവതരിപ്പിക്കുകയുണ്ടായി).




No comments:

Post a Comment