Wednesday, October 31, 2018

വയലാർ കവിതകളിലെ ദാര്ശനികത -പൊന്നോലി



മലയാള ചലച്ചിത്ര രംഗത്ത് വയലാർ, ഓ. എൻ. വി., പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി എന്നിവർ 1960 -70 കാലഘട്ടത്തിൽ മനുഷ്യ മനസ്സിനെ പിടിച്ചിരുത്തുന്ന ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കവിതകൊണ്ട് ഇന്ദ്രജാലം സൃഷ്ടിച്ച വയലാർ രാമ വർമ്മ അറിയപ്പെടുന്നത് അദ്ദേഹത്തിന്റെ പ്രേമ ഗാനങ്ങളിലൂടെയാണ്. കമ്മ്യൂണിസ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വയലാറും ഓ. എൻ. വി കുറുപ്പും നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതുണ്ട്.

വയലാർ തന്റെ കവിതകളിലൂടെ മനുഷ്യ മനസ്സിനെ എല്ലാ ഭാവ തലങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോകുന്നുണ്ട് -- ശൃംഗാരം, കാമം, ഭക്തി, നിർവികാരത, ദാര്ശനികത. ലൗകീകതയിൽ നിന്നും അലൗകീതയിലേക്കും, ആദ്ധ്യാത്മികതയിലേക്കും. ദാര്ശനികതയിലേക്കും.

വയലാർ ദാർശനിക തലത്തിലേക്ക് ഇറങ്ങിച്ചെന്ന് രചിച്ചിട്ടുള്ള കവിതകൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്. അവ മനുഷ്യ ജീവിതത്തിന് ഒരു പുതിയ ദർശനം പ്രദാനം ചെയ്യുന്നു. വയലാറിന്റെ ദാർശനിക കവിതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഈശ്വര സങ്കൽപം

ദൈവം മനുഷ്യ മനസ്സിൽ നന്മയും, സ്നേഹവും ആയി രൂപം പ്രാപിക്കുന്നു എന്ന് വയലാർ തന്റെ കവിതകളിലും ഗാനങ്ങളിലും നമ്മെ ഓർമ്മിപ്പിക്കുന്നു. ലൈൻ ബസ് എന്ന സിനിമയിൽ അദ്ദേഹത്തിന്റെ ഈശ്വര സങ്കല്പം അദ്ദേഹം അനാവരണം  ചെയ്യുന്നു:

“ അദ്വൈതം ജനിച്ച നാട്ടിൽ
ആദി ശങ്കരൻ ജനിച്ച നാട്ടിൽ
ആയിരം ജാതികൾ ആയിരം മതങ്ങൾ
ആയിരം ദൈവങ്ങൾ “

പോസ്റ്റുമാനെ കാണ്മാനില്ല എന്ന ചിത്രത്തിൽ അദ്ദേഹം എഴുതി:

“ ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല,
ക്രിസ്ത്യാനി അല്ല, ഇന്ദ്രനും ചന്ദ്രനുമല്ല.
വെള്ള പൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളെ നിങ്ങൾ
അമ്പലങ്ങൾ തീർത്തു, ആശ്രമങ്ങൾ തീർത്തു.
ആയിരം പൊയ്‌മുഖങ്ങൾ തീർത്തു.
ഈശ്വരനായിരം പൊയ്‌മുഖങ്ങൾ തീർത്തു.

കാവി ചുറ്റിയ സന്ധ്യക്ക്‌ പിന്നിലെ
കറുത്ത വാവുകളെ നിങ്ങൾ
ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ് ഗീതകൊണ്ടു മറച്ചു…”

ഓടയിൽ നിന്നു എന്ന സിനിമയിൽ തന്റെ ഈശ്വര സങ്കൽപം വയലാർ വീണ്ടും രേഖപ്പെടുത്തുന്നു:

“മാനത്തു ദൈവമില്ല. മണ്ണിലും ദൈവമില്ല.
മനസ്സിനുള്ളിലാണ് ദൈവം..

മനസ്സിലെ ദൈവം മനുഷ്യന് നൽകിയ
മണിവിളക്കല്ലോ സ്നേഹം..”

വാഴ് വേ മായം എന്ന സിനിമയിൽ വീണ്ടും:
"മനുഷ്യൻ മനുഷ്യനെ സ്‌നേഹിക്കുമ്പോൾ
മനസ്സിൽ ദൈവം ജനിക്കുന്നു.
മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ
മനസ്സിൽ ദൈവം മരിക്കുന്നു. “

മനുഷ്യ മനസ്സിലെ ദൈവത്തെ, നന്മയെ അദ്ദേഹം ‘ഓംകാരത്തിന്റെ രൂപത്തിൽ കുമാരസംഭവത്തിൽ അവതരിപ്പിക്കുന്നു:

: “ഓംകാരം… ആദിമ മന്ത്രം. അനശ്വര മന്ത്രം.
നാദ ബ്രഹ്മ ബീജാക്ഷര മന്ത്രം…

ഓരോ ജീവ കണത്തിനുള്ളിലും ഒളിയായി, ഒലിയായി, ഉണ്മയായി, നന്മയായി
ഉണരും ചിതാനന്ദ മന്ത്രം..

ഓരോ രശ്മി തരംഗത്തിനുള്ളിലും
ഉയിരായി കതിരായി രൂപമായി ഭാവമായി
ഉണരും സനാതന മന്ത്രം.”

മതവും ജാതിയും

തന്റെ ഈശ്വര സങ്കല്പത്തിന്റെ പശ്ചാത്തലത്തിൽ ജാതി മത ചിന്തകൾ ഭൂമിയെ ഒരു ഭ്രാന്താലയമാക്കുന്നു എന്ന് ചൂണ്ടി കാണിക്കാൻ അദ്ദേഹം മടിച്ചില്ല.

“അച്ഛനും ബാപ്പയും” എന്ന ചിത്രത്തിൽ അദ്ദേഹം എഴുതിയ വരികൾ മലയാളിയുടെ മനസ്സിൽ എന്നും തങ്ങി നിൽക്കുന്നവയാണ്.

“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചൂ, മനസ്സ് പങ്കു വച്ചൂ.
ഹിന്ദുവായി, മുസ്സൽമാനായി, കൃസ്ത്യാനി ആയി
നമ്മെ കണ്ടാലറിയാതായി
ഇന്ത്യ ഭ്രാന്താലയമായി.

മതത്തിന്റെ പേരിൽ നടക്കുന്ന വെറുപ്പും വിദ്വേഷവും അക്രമങ്ങളും അദ്ദേഹം ചിത്രീകരിച്ചത് ഇപ്രകാരമാണ്:
“ മാനവ ഹൃദയങ്ങൾ ആയുധ പുരകളായി

ദൈവം തെരുവിൽ മരിക്കുന്നു. ചെകുത്താൻ ചിരിക്കുന്നു. “
ശ്രീ നാരായണ ഗുരുവിന്റെ മന്ത്രം കൂട്ടുകാർ എന്ന സിനിമയിൽ അദ്ദേഹം വീണ്ടും നമ്മളെ ഓർമ്മിപ്പിച്ചു:

“ഒരു ജാതി, ഒരു മതം, ഒരു ദൈവം
ഓർമ്മ വേണമീ അദ്വൈത മന്ത്രം. “

തുടർന്ന് ഈ കവിതയിൽ തന്നെ മനസ്സിലെ ഈശ്വരനെ തേടാൻ നമ്മെ അദ്ദേഹം ഓർമ്മി പ്പിക്കുകയാണ്.

മാനവികത

മനുഷ്യത്വത്തിനും മാനവീകതക്കും ആണ് വയലാർ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും ഊന്നൽ നൽകുന്നത്.

“കടൽപ്പാലം” എന്ന സിനിമയിലെ വരികൾ ഇതിനു ഉപോത്ബലകമാണ്:
“ ഈ കടലും മറു കടലും ഭൂമിയും മാനവും കടന്ന്
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ ഇവിടുന്നു പോണവരേ
അവിടെ മനുഷ്യനുണ്ടോ അവിടെ മതങ്ങളുണ്ടോ

ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞു..
ഈശ്വരനെ കണ്ടു. .. ഇബിലീസിനെ കണ്ടു..
ഇതുവരെ മനുഷ്യനെ കണ്ടില്ല ..

ഹിന്ദുവിനെ കണ്ടു. .. മുസൽമാനെ കണ്ടു..
ഇതുവരെ മനുഷ്യനെ കണ്ടില്ല…”

റെബേക്കാ എന്ന ചിത്രത്തിൽ ബൈബിളിലെ വാചകങ്ങൾ അദ്ദേഹം ഉദ്ധരിച്ചുകൊണ്ട് മതാചാരങ്ങളെയും ഭക്തിയേക്കാളും അനുഷ്ഠാനങ്ങളെയുംകാൾ വലുത് കരുണയും പരസ്പര സ്നേഹവുമാണ് എന്ന് നമ്മളെ ഓർമ്മപ്പെടുത്തി എഴുതി:

“ ബലിയല്ലാ എനിക്ക് വേണ്ടത് ബലിയല്ലാ
കാസയേന്തും കൈകളിൽ വേണ്ടത്
കരുണയാണല്ലോ.. കരുണയാണല്ലോ..
...
കപട ഭക്തരേ പരീശ്യരേ
നിങ്ങള്ക്ക് മുൻപേ സ്വർഗ്ഗത്തിലെത്തും,
ചുങ്കക്കാരും വേശ്യകളും. “

വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന സിനിമയിൽ അദ്ദേഹം വീണ്ടും എഴുതി

“ നമ്മുടെ മണ്ണിൽ നമുക്കുയർത്തുക നളന്ദകൾ .. സമഭാവനയുടെ നളന്ദകൾ. “

ജീവിത വീക്ഷണം

വ്യക്തി ജീവിതത്തിന്റെ അർദ്ധം തേടിയുള്ള ശ്രമങ്ങളിൽ
മനുഷ്യ ജീവിതത്തിന്റെ പരുപരുത്ത യാഥാർഥ്യങ്ങളും മോഹങ്ങളും മോഹ ഭംഗങ്ങളും ചൂണ്ടി കാണിക്കാൻ അദ്ദേഹം മറന്നില്ല:

അശ്വമേധം എന്ന ചിത്രത്തിൽ അദ്ദേഹം എഴുതി:
“കറുത്ത ചക്രവാള മതിലുകൾ ചൂഴും
കാരാഗ്രഹമാണ് ഭൂമി ..
തലയ്ക്കു മുകളിൽ ശൂന്യാകാശം
താഴെ നിഴലുകളിഴയും നരകം…

വീണ്ടും: “ ഒരിടത്തു ജനനം, ഒരിടത്തു മരണം
ചുമലിൽ ജീവിത ഭാരം…
വഴിയറിയാതെ മുടന്തി നടക്കും..വിധിയുടെ ബലിമൃഗങ്ങൾ നമ്മൾ..
ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ ..
ഇനിയൊരു വിശ്രമം എവിടെ ചെന്നോ ..
മോഹങ്ങൾ അവസാന നിമിഷം വരെ..മനുഷ്യ ബന്ധങ്ങൾ ചുടല വരെ.

വിവാഹ സമ്മാനം എന്ന ചിത്രത്തിൽ അദ്ദേഹം പറയുന്നു: “ ജനനത്തിൽ നിന്നും മരണത്തിലേക്കൊരു പദയാത്രയല്ലോ ജീവിതം.” ആ ജീവിതത്തിൽ മോഹഭംഗങ്ങളും സ്നേഹ ഭംഗങ്ങളും കൂടപ്പിറപ്പാണ്.

ഇന്റർവ്യൂ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വരികൾ ജീവിത ദുഖങ്ങളുടെ മൂല കാരണങ്ങളിലേക്കു വിരൽ ചൂണ്ടുന്നു:

“ കനകം മൂലം ദുഃഖം, കാമിനി മൂലം ദുഃഖം,
കണ്ണില്ലാഞ്ഞിട്ടും ദുഃഖം, കണ്ണുണ്ടായിട്ടും ദുഃഖം
ദുഃഖമയം, ദുഃഖമയം, ദുഃഖമയം ജീവിതം.”
ബ്രഹ്മചാരിയിൽ അദ്ദേഹം എഴുതി: “ഞാൻ ഞാൻ എന്ന ഭാവങ്ങളെ ..
പ്രാകൃത യുഗ മുഖ ഛായകളെ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളുമൊരുപോലെ “

സ്വപ്‌നങ്ങൾ

പക്ഷെ അദ്ദേഹം ഒരു ശുഭാപ്‌തിവിശ്വാസി ആയിരുന്നു എന്ന് വേണം കരുതാൻ.

ജീവിതത്തിന് അർദ്ധം കൊടുക്കുന്നതു സ്വപ്നങ്ങളാണ് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുകയാണ് കാവ്യമേള എന്ന സിനിമയിൽ:

“ സ്വപ്‌നങ്ങൾ.. സ്വപ്‌നങ്ങളേ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ
നിശ്ചലം ശൂന്യമീലോകം..” :


ഇതിന്റെ പശ്ചാലത്തിൽ ആണ് അദ്ദേഹത്തിന്റെ പ്രേമ കാവ്യങ്ങളുടെ പ്രസക്തി. അഗ്നിമൃഗം എന്ന സിനിമയിൽ അദ്ദേഹം സ്ത്രീ പുരുഷ പ്രേമത്തെപ്പറ്റി ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. “ പ്രേമം സ്ത്രീ പുരുഷ പ്രേമം
ഭൂമിയുള്ള കാലം വരെയും
പൂവിടുന്ന ലോല വികാരം. ..”

പക്ഷേ ചലനവും, മാറ്റവും, പരിണാമവും മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് എന്നും നമ്മളെ അദ്ദേഹം ഓർമ്മപ്പെടുത്തുന്നു:

വാഴ് വേ മായം എന്ന സിനിമയിൽ അദ്ദേഹം എഴുതി:

“ചലനം ചലനം ചലനം.
മാനവ ജീവിത പരിണാമത്തിൻ മയൂര സന്ദേശം..
സ്വപ്നമൊരു വഴിയേ സത്യമൊരു വഴിയേ
അവയെ കണ്ണും കെട്ടി നടത്തും കാലം മറ്റൊരു വഴിയേ...

വിദ്യാർത്ഥികളെ ഇതിലെ ഇതിലെ എന്ന സിനിമയിൽ അദ്ദേഹം മനുഷ്യന്റെ ബലഹീനതയിലേക്കു വിരൽ ചൂണ്ടി എഴുതി: “ വെളിച്ചമേ നയിച്ചാലും..”

“ഗായത്രി” എന്ന സിനിമയിൽ അദ്ദേഹം ഗായത്രി മന്ത്രത്തിലൂടെ ആ ദിവ്യമാം പ്രകാശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് മനസ്സിലെ പദ്മതീർത്ഥം ഉണർത്താൻ നമ്മളെ ഉത്ബോധിപ്പിക്കുന്നു:

“ഓം തത് സവിതുർ വരേണ്യം,
ഭർഗോ ദേവസ്യ ധീമഹി
ദിയോ യോന പ്രചോദയാത് ..

പദ്മതീർത്ഥമേ ഉണരൂ മാനസ പദ്മതീർത്ഥമേ ഉണരൂ. “

അദ്ദേഹം ശാസ്ത്രത്തിലും തത്വദീക്ഷയിലും ആണ് മനുഷ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടിരുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് ‘തൊട്ടാവാടി’ എന്ന സിനിമയിലെ ‘ഉപാസനാ ഉപാസനാ’ എന്ന ഗാനത്തിലെ വരികൾ.

ഉപാസനാ, ഉപാസനാ, ..
‘സർഗസ്വരൂപിയാം ശാസ്ത്രം നിർമിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ “

സത്യത്തെ തേടാനും, മനുഷ്യന്റെ മുഖം മൂടി വലിച്ചെറിയാനും അദ്ദേഹം നമ്മളെ ഉത്ബോധിപ്പിക്കുന്നു.

മനുഷ്യന്റെ വെറുപ്പിന്റെയും അസഹിഷ്ണതയുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ “സോക്രടീസുമാർ ധാനിച്ചിരുക്കുമീ സ്വര്ണസോപാനത്തിനരികിൽ കുരുക്ഷേത്ര ഭൂമിയിലെ വിഷപാത്രം വലിച്ചെറിയൂ” എന്നും അദ്ദേഹം മാനവ ജനതയെ ഉത്ബോധിപ്പിക്കുന്നു.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ “ വിശ്വാസ ഗോപുരങ്ങൾ ഇടിഞ്ഞു വീഴുംപോൾ , ധർമ്മ നീതികൾ താടി വളർത്തി തപസ്സിരിക്കുമ്പോൾ, തത്വ ശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തി എരിയുമ്പോൾ, കുരുക്ഷേത്രത്തിൽ ആയുധമില്ലാതെ അർജുനൻ നിൽക്കുമ്പോൾ, അദ്ദേഹം ചോദിക്കുന്നു: “പ്രവാചകന്മാരെ പറയൂ പ്രഭാതം അകലെയാണോ

പ്രപഞ്ച ശില്പികളേ പറയൂ പ്രകാശം അകലെയാണോ”

ആ പ്രഭാതവും, പ്രകാശവും തേടി സ്വപ്‌നങ്ങൾ കണ്ടു പ്രേമിച്ചു സഹജീവികളോട് കരുണ കാണിച്ചു ജീവിത ഭാരങ്ങളും ദുഖവും പേറി അഹം എന്ന ഭാവം വെടിഞ്ഞു ഗായത്രി മന്ത്രം ജപിച്ചു മനസ്സിലെ പദ്മതീർത്ഥം ഉണർത്തി മനസ്സിലെ സ്നേഹവും നന്മയുമായ ഈശ്വര ചൈതന്യം ഉൾക്കൊണ്ട് ജീവിത യാത്ര തുടരാൻ വയലാർ കവിതകൾ നമ്മൾക്ക് പ്രചോദനം നൽകട്ടെ.
-പൊന്നോലി 

No comments:

Post a Comment